Pathanamthitta local

കായംകുളം-തിരുവല്ല ദേശീയ പാത പൂര്‍ത്തീകരണത്തിന് കടമ്പകളേറെ



മാന്നാര്‍: കായംകുളം-തിരുവല്ല സംസ്ഥാന പാത ദേശീയപാതയാക്കുവാന്‍ സര്‍ക്കാര്‍  തത്വത്തില്‍ അംഗീകരിച്ചുവെങ്കിലും പൂര്‍ത്തീകരണത്തിന് കടമ്പകളേറെ. നിലവില്‍ എംസി റോഡിനും ദേശീയപാത്ക്കും സമാന്തരമായിട്ടുള്ള ഈ സംസ്ഥാന പാതയില്‍ വാഹനത്തിരക്ക് ഏറെയായതിനാല്‍ ഗതാഗത തടസ്സം പതിവാണ്. ദേശീയ പാതയാകുന്നതോടെ റോഡിന് വീതി കൂട്ടി നവീകരിക്കുമ്പോള്‍ നിലവിലുള്ള ഗതാഗത തടസ്സം ഇല്ലാതാക്കുവാനും കൂടുതല്‍ വാഹനങ്ങള്‍ക്ക് യഥേഷ്ടം കടന്ന് പോകുവാനും കഴിയും.  ദേശീയ പാതയ്ക്കുള്ള സര്‍വ്വേയും സ്ഥലമെടുപ്പും ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന കാര്യമാണ്. കായംകുളത്തും,മാവേലിക്കരയിലും പാതക്കു വീതി കൂട്ടുമ്പോള്‍ വലിയ നഷ്ടങ്ങള്‍ വ്യാപാരികള്‍ക്ക് ഉണ്ടാകുന്നില്ല. ചുരുക്കം ചില ഭാഗങ്ങളിലെ കടകളുടെ ഇറക്കുകള്‍ മാത്രമാണ് പൊളിക്കേണ്ടി വരുക. എന്നാല്‍ മാന്നാറില്‍ എത്തുമ്പോ ള്‍ സ്ഥിതി മറിച്ചാണ്. സ്റ്റോര്‍ ജങ്ഷന്‍ മുതല്‍ പരുമലക്കടവ് വരെയുള്ള ഭൂരിപക്ഷം കടകള്‍ക്കും പാത ഭീഷണിയാകും. അനധികൃതമായി ചിലര്‍ കടകള്‍ റോഡിലേക്ക് ഇറക്കി വരെ ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്.ഇവയെല്ലാം പൊളിച്ച് നീക്കേണ്ടി വരും. കൂടാതെ കുറെ വ്യാപാര സ്ഥാപനങ്ങളുടെ മുന്‍ വശം പൊളിച്ച് നീക്കേണ്ടി വരും.  ദേശീയ പാത വരുന്നത് ഏറ്റവും കൂടുതല്‍ ദോഷം വ്യാപാരികള്‍ക്ക് ഉണ്ടാകുന്നത് മാന്നാറിലായിരിക്കും. കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരത്തില്‍ റോഡിന് വീതി കൂട്ടുവാന്‍ ചില ശ്രമങ്ങള്‍ നടത്തുകയും സര്‍വ്വേയും അളവും മറ്റും നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ശക്തമായ രാഷ്ട്രീയ സ്വാധീനത്താല്‍ ഇവ പിന്നീട് ഉപേക്ഷിക്കേണ്ടി വന്നു. എന്നാല്‍ ഇത്തവണയും ദേശീയ പാതയാക്കി ഈ റോഡിനെ മാറ്റുന്നു എന്നറിയിപ്പ് വന്നതു മുതല്‍ ഇതും മുടക്കുവാന്‍ ചിലര്‍ രംഗത്തെത്തി കഴിഞ്ഞു. എന്നാല്‍ എല്ലാ എതിര്‍പ്പുകളെയും അതി ജീവിച്ച് ദേശീയ പാത നിര്‍മ്മാണത്തിന്റെ പ്രാഥമിക നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ഒന്നടങ്കമുള്ള ആവശ്യം.
Next Story

RELATED STORIES

Share it