കാമുകിയുടെ വധം ഓസ്‌കര്‍ പിസ്‌റ്റോറിയസ് കുറ്റക്കാരന്‍

കേപ്ടൗണ്‍: കാമുകിയായ റീവ സ്റ്റീന്‍കാംപിനെ കൊലപ്പെടുത്തിയ കേസില്‍ പ്രമുഖ ദക്ഷിണാഫ്രിക്കന്‍ പൊയ്കാല്‍ ഓട്ടക്കാരന്‍ ഓസ്‌കര്‍ പിസ്‌റ്റോറിയസ് കുറ്റക്കാരനാണെന്നു ദക്ഷിണാഫ്രിക്കന്‍ സുപ്രിംകോടതി. മരണത്തില്‍ ഓസ്‌കര്‍ പിസ്‌റ്റോറിയസ് 'ശിക്ഷാര്‍ഹമായ നരഹത്യ' വകുപ്പില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ ഹൈക്കോടതി, കഴിഞ്ഞ വര്‍ഷം അഞ്ചു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഒക്ടോബര്‍ 20നു പിസ്റ്റോറിയസിനെ മോചിപ്പിച്ച ദക്ഷിണാഫ്രിക്കയിലെ പരോള്‍ ബോര്‍ഡ്, ശേഷിക്കുന്ന ശിക്ഷാകാലയളവില്‍ അദ്ദേഹത്തിനു വീട്ടുതടങ്കലിന് അനുവാദം നല്‍കിയിരുന്നു. എന്നാല്‍, കേസില്‍ കുറ്റക്കാരനാണെന്നു സുപ്രിംകോടതി കണ്ടെത്തിയ സാഹചര്യത്തില്‍ ജയില്‍ശിക്ഷയ്ക്കു വിധിച്ചേക്കാം. കാമുകി റീവ സ്റ്റീന്‍കാംപിനെ 2013 ഫെബ്രുവരി 14നു വെടിവച്ചു കൊന്നെന്ന കേസിലാണ് പിസ്‌റ്റോറിയസ് ശിക്ഷയനുഭവിക്കുന്നത്. അര്‍ധരാത്രി വീട്ടിലെത്തിയ കാമുകിയെ കള്ളനെന്നു തെറ്റിദ്ധരിച്ചു വെടിവയ്ക്കുകയായിരുന്നുവെന്ന വാദം തള്ളിയ കോടതി അന്നു വീട്ടിലെത്തുന്ന ആളെ കൊല്ലാന്‍ പിസ്റ്റോറിയസ് കാത്തിരിക്കുകയായിരുന്നുവെന്നും അതിനാല്‍ കൊല മനപ്പൂര്‍വമായിരുന്നുവെന്നും കണ്ടെത്തുകയായിരുന്നു.ലോകത്ത് വളരെയേറെ ശ്രദ്ധിക്കപ്പെട്ട കൊലപാതകക്കേസ് വിചാരണകളിലൊന്നായിരുന്നു പിസ്‌റ്റോറിയസിന്റേത്. കോടതിമുറിയില്‍ കരഞ്ഞും അലമുറയിട്ടും വികാരഭരിതമായ രംഗങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ പ്രതി അഭിനയിക്കുകയാണോ എന്നു കോടതിക്കു ചോദിക്കേണ്ടിവന്നിരുന്നു.രണ്ടു കാലുമില്ലാതെ കൃത്രിമക്കാലുമായി പൂര്‍ണ ആരോഗ്യവാന്മാരായ അത്‌ലറ്റുകള്‍ക്കൊപ്പം ഒളിംപിക്‌സില്‍ ഓട്ടമല്‍സരത്തില്‍ പങ്കെടുത്ത് ലോകത്തെ വിസ്മയിപ്പിച്ച താരമാണ് ഓസ്‌കര്‍ പിസ്‌റ്റോറിയസ്.
Next Story

RELATED STORIES

Share it