Flash News

കാമുകിയുടെ യാത്ര റദ്ദാക്കാന്‍ വിമാനറാഞ്ചല്‍ ഭീഷണി



ഹൈദരാബാദ്: കാമുകിയുടെ അവധിക്കാല വിനോദയാത്രയ്ക്ക് പണം കണ്ടെത്താനാവാത്തതാണ് വിമാനം റാഞ്ചുമെന്ന വ്യാജ സന്ദേശമയക്കാന്‍ ഇടയാക്കിയതെന്ന് അറസ്റ്റിലായ യുവാവിന്റെ മൊഴി. വംശി കൃഷ്ണയെന്ന 32കാരനാണ് കാമുകിയുടെ യാത്ര റദ്ദാക്കാന്‍ വ്യാജ സന്ദേശമയച്ചത്. മിയാപൂരിലെ ട്രാന്‍സ്‌പോര്‍ട്ട് ഏജന്റായി ജോലിചെയ്യുകയാണ് യുവാവ്. മുംബൈയിലേക്കും ഗോവയിലേക്കും പോവാനുള്ള ചെന്നൈക്കാരിയായ കാമുകിയുടെ നിര്‍ബന്ധമാണ് വിമാനറാഞ്ചല്‍ ഭീഷണിയിലേക്ക് തന്നെ എത്തിച്ചതെന്ന് വംശി പോലിസിനോട് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി യുവതിയെ അറിയിച്ചാല്‍ അവള്‍ തന്നെ വിട്ടുപോവുമെന്നു ഭയന്നെന്നും യാത്ര റദ്ദാക്കാന്‍ നിരവധി തവണ ആവശ്യപ്പെട്ടെന്നും യുവാവ് പറഞ്ഞു. തുടര്‍ന്ന് കാമുകിക്ക് വ്യാജ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം മുംബൈ പോലിസിന് വിമാനങ്ങള്‍ റാഞ്ചുമെന്ന ഇ-മെയില്‍ സന്ദേശം അയക്കുകയായിരുന്നു. 23 പേരടങ്ങുന്ന സംഘം മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നീ വിമാനത്താവളങ്ങളില്‍ നിന്നും ഉയരുന്ന വിമാനങ്ങള്‍ റാഞ്ചുമെന്നാണ് സന്ദേശത്തിലുണ്ടായിരുന്നതെന്ന് ഡെപ്യുട്ടി കമ്മീഷണര്‍ ബി ലിംബ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. റാഞ്ചല്‍ ഭീഷണിയെത്തുടര്‍ന്ന് വിമാനങ്ങള്‍ യാത്രകള്‍ റദ്ദ് ചെയ്താല്‍ അതുവഴി കാമുകിയുടെ യാത്രയും മുടങ്ങും. തല്‍ഫലമായി പണം ചെലവാകാതെ തന്റെ മുഖം രക്ഷപ്പെടുമെന്നും യുവാവ് കരുതി. എന്നാല്‍, പോലിസ് ഇടപെടല്‍ തന്ത്രം പൊളിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it