കാമറയ്ക്കു പിന്നില്‍ നില്‍ക്കാന്‍ ആഗ്രഹിച്ച വില്ലന്‍

അയ്യൂബ് സിറാജ്

കൊല്ലം: പ്രധാന വില്ലനല്ലാതെ നായകന്റെ തല്ലു വാങ്ങാന്‍ ഭൂരിഭാഗം സിനിമകളിലും അഭിനയിച്ച കൊല്ലം അജിത്ത് തുടക്കം ആഗ്രഹിച്ചത് കാമറയ്ക്കു പിന്നില്‍ നില്‍ക്കാനായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറിയത് 30 വര്‍ഷത്തിനു ശേഷം “കോളിങ് ബെല്‍’ എന്ന സിനിമയിലൂടെയാണ്. വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്നുള്ള മോചനം കാലങ്ങളായി ആഗ്രഹിച്ചിരുന്ന അജിത്തിന്റെ സംവിധാന സംരംഭത്തിന് മൂന്നു പതിറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു.
1980ല്‍ പത്മരാജന്റെ സംവിധാന സഹായിയായി സിനിമയിലെത്താന്‍ ആഗ്രഹിച്ചതും അതേ സംവിധായകന്‍ തന്നിലെ നടന് അവസരം നല്‍കിയതുമെല്ലാം അഭിമുഖങ്ങളില്‍ ആവര്‍ത്തിച്ചിരുന്നത് ഈ മോഹം അവസാനിക്കാത്തതിനാലായിരുന്നു. പത്മരാജന്റെ ”പറന്ന് പറന്ന് പറന്ന്’ എന്ന സിനിമയിലെ വില്ലന്‍ സ്വഭാവമുള്ളൊരു വേഷം ചെയ്തുകൊണ്ടാണ് അജിത്ത് മലയാള സിനിമയുടെ സ്ഥിരം വില്ലനാവുന്നത്. “കോളിങ് ബെല്‍, “പകല്‍ പോലെ’ എന്നീ സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്.
തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന കുട്ടികളെ അനാഥാലയത്തില്‍ എത്തിക്കുന്ന കള്ളന്റെ കഥ പറഞ്ഞ കോളിങ് ബെല്ലില്‍ നായകനും അജിത്ത് തന്നെയായിരുന്നു. തിന്മയുടെ പ്രതിരൂപമായ പ്രതിനായകന്‍ ഇമേജിനെ മറികടക്കാനും ചലച്ചിത്ര സംവിധായകന്‍ എന്ന ആഗ്രഹത്തിനും വേണ്ടി അജിത്ത് സിനിമയ്ക്കു പിറകെ സഞ്ചരിക്കുകയായിരുന്നു. “ബ്ലാക്ക് ഫയര്‍’ എന്നൊരു സിനിമയായിരുന്നു ആദ്യം സംവിധാനം ചെയ്യാനിരുന്നതെങ്കിലും അത്  നടന്നില്ല. വില്ലന്‍ വേഷം ചെയ്തവനെ സമൂഹവും വില്ലനായാണ് പരിഗണിക്കുന്നതെന്ന് നിരാശയോടെ അജിത്ത് പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്.
തല്ലു കൊള്ളാന്‍ നിന്നാല്‍ ജീവിതകാലം മൊത്തം ആ വേഷം ചെയ്യേണ്ടിവരുമെന്നു പറഞ്ഞ് “പൂവിനു പുതിയ പൂന്തെന്നലിലെ കുട്ടിയെ തട്ടിക്കൊണ്ടുപോവുന്ന റോളില്‍ നിന്ന് തന്നെ ഒഴിവാക്കിയ മമ്മൂട്ടി തന്റെ കരിയറിനെ ഒരിക്കല്‍ വഴിതിരിച്ചുവിടാന്‍ ശ്രമിച്ചതും എന്നാല്‍ ആ ഉപദേശം നടപ്പാക്കാന്‍ തനിക്ക് സാധിച്ചില്ലെന്ന സങ്കടവും അജിത്ത് പലയിടങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
മലയാളത്തിനു പുറമേ പ്രിയദര്‍ശന്റെ ഹിന്ദി ചിത്രമായ വിരാസത്തിലും മൂന്നു തമിഴ് സിനിമകളിലും അജിത്ത് അഭിനയിച്ചിട്ടുണ്ട്. അതേസമയം, മൂന്നാമതൊരു സിനിമ സംവിധാനം ചെയ്യുന്നതിന്റെ പണിപ്പുരയിലിരിക്കവെയാണ് അജിത്തിന്റെ അപ്രതീക്ഷിതമായ വിടവാങ്ങലുണ്ടാവുന്നത്.
Next Story

RELATED STORIES

Share it