World

കാബൂളില്‍ സ്‌ഫോടനം; 40 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍  ശിയാ മുസ്‌ലിംകളുടെ തബയാന്‍ സാംസ്‌കാരിക കേന്ദ്രത്തിനു സമീപമുണ്ടായ സ്‌ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്കു പരിക്കേറ്റു. ആക്രമണത്തില്‍ മാധ്യമ സ്ഥാപനമായ അഫ്ദാന്‍ വോയ്‌സ് ന്യൂസ് ഏജന്‍സിയും തകര്‍ന്നു.  തബയാന്‍ സാംസ്‌കാരിക കേന്ദ്രമായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് അഫ്ഗാനിസ്താന്‍ ആഭ്യന്തര വക്താവ് നസ്‌റത് റഹീമിയെ ഉദ്ധരിച്ച് എഎഫ്പി റിപോര്‍ട്ട് ചെയ്തു. സമീപത്തു രണ്ടു മോര്‍ട്ടാര്‍ ആക്രമണങ്ങള്‍ നടത്തിയ ശേഷമാണു സാംസ്‌കാരിക കേന്ദ്രത്തിനു നേരെ ആക്രമണമുണ്ടായത്. ശിയാ കേന്ദ്രത്തിനു സമീപമാണു വോയ്‌സ് ഏജന്‍സി സ്ഥിതി ചെയ്യുന്നത്. സോവിയറ്റ് യൂനിയന്റെ അഫ്്ഗാന്‍ അധിനിവേശത്തിന്റെ 38ാം വാര്‍ഷിക അനുസ്മരണ സമ്മേളനത്തിനു നേരെയായിരുന്നു സ്‌ഫോടനങ്ങളുണ്ടായതെന്നും റഹീമി കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ടവരില്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടും. അഫ്ഗാന്‍ വോയ്‌സിന്റെ ഒരു റിപോര്‍ട്ടറും കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ടു റിപോര്‍ട്ടര്‍മാര്‍ക്ക് പരിക്കേറ്റു. അഫ്ഗാനില്‍ ശിയാ വിഭാഗത്തിനു നേരെ ഐഎസ് ആക്രമണം പതിവായിരിക്കുകയാണ്.
Next Story

RELATED STORIES

Share it