World

കാബൂളില്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ സെന്ററില്‍ സ്‌ഫോടനം; 57 മരണം

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ 57 പേര്‍ കൊല്ലപ്പെട്ടു. 119 പേര്‍ക്കു പരിക്കേറ്റതായും റിപോര്‍ട്ടുകളുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ഈ വര്‍ഷം പാര്‍ലമെന്റ് തിരഞ്ഞെടുപ്പു നടത്തുമെന്നു പ്രഖ്യാപിച്ച പ്രസിഡന്റ് അഷ്‌റഫ് ഗനിക്കുള്ള തിരിച്ചടിയായാണ് ആക്രമണത്തെ വിലയിരുത്തുന്നത്.
ഒക്ടോബറില്‍ നടത്താനിരിക്കുന്ന തിരഞ്ഞെടുപ്പിനു വേണ്ടി തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനിടെയാണു സ്‌ഫോടനമുണ്ടായത്. ശരീരത്തില്‍ ബോംബ് കെട്ടിവച്ചെത്തിയയാള്‍ കേന്ദ്രത്തിലേക്ക് നടന്നുവരുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് നജീബ് ദാനിഷ് അറിയിച്ചു. സമീപത്തുണ്ടായിരുന്ന കാറുകളും കെട്ടിടങ്ങളും തകര്‍ന്നു. തിരിച്ചറിയല്‍ കാര്‍ഡുകള്‍ വാങ്ങാനായി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേര്‍ പ്രദേശത്തു തടിച്ചുകൂടിയിരുന്നു. ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന പാര്‍ലമെന്റ്, ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ സെന്ററുകള്‍ തുറന്നിട്ടുണ്ട്. സഖ്യകക്ഷികളില്‍ നിന്നു നിരന്തരം സമ്മര്‍ദമുണ്ടായതിനെത്തുടര്‍ന്നാണ് പ്രസിഡന്റ് അഷ്‌റഫ് ഗനി അഫ്ഗാനില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ഈ മാസം ആദ്യം മുതല്‍ തന്നെ രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങിയിരുന്നെങ്കിലും പലയിടത്തും തിരിച്ചറിയല്‍ കാര്‍ഡ് വിതരണം തടസ്സപ്പെടുത്താന്‍ നിരവധി ശ്രമങ്ങള്‍ നടന്നിരുന്നു. ആക്രമണത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ശക്തമായി അപലപിച്ചു. ജനുവരിയില്‍ ആംബുലന്‍സ് ബോംബ് പൊട്ടിത്തെറിച്ചു 100 പേര്‍ കൊല്ലപ്പെട്ടതിനു ശേഷം കാബൂളിലുണ്ടാവുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
Next Story

RELATED STORIES

Share it