Flash News

കാബൂളില്‍ ഇരട്ട സ്‌ഫോടനം; 29 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നടന്ന ഇരട്ട സ്‌ഫോടനങ്ങളില്‍ ഒമ്പതു മാധ്യമ പ്രവര്‍ത്തകരടക്കം 29 പേര്‍ കൊല്ലപ്പെട്ടു. 49 പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. എഎഫ്പി ചീഫ് ഫോട്ടോഗ്രാഫര്‍ ഷാ മറായിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.
രഹസ്യാന്വേഷണ വിഭാഗമായ നാഷനല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി (എന്‍ഡിഎസ്) ആസ്ഥാനത്തിനടുത്താണ് ആദ്യ സ്‌ഫോടനമുണ്ടായത്. ശരീരത്തില്‍ ബോംബ് കെട്ടിവച്ചു വന്നയാള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. 15 മിനിറ്റ് കഴിഞ്ഞു സംഭവസ്ഥലത്തേക്ക് ആരോഗ്യ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും എത്തിയ ശേഷമായിരുന്നു രണ്ടാമത്തെ ആക്രമണം. മാധ്യമ പ്രവര്‍ത്തകന്റെ വേഷത്തിലാണ് അക്രമി എത്തിയത്. ഇത് മാധ്യമ പ്രവര്‍ത്തകരെ ലക്ഷ്യംവച്ചായിരുന്നുവെന്ന് എഎഫ്പി റിപോര്‍ട്ട് ചെയ്തു. ഒമ്പതു മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അഫ്ഗാന്‍ ജേണലിസ്റ്റ് സേഫ്റ്റി കമ്മിറ്റി അറിയിച്ചു.
അഫ്ഗാനിലെ വണ്‍ ടിവി റിപോര്‍ട്ടര്‍ ഗസ്‌നി റസൂലി, കാമറാമാന്‍ നൗറോസ് അലി, റജബി റേഡിയോ ഫ്രീ യൂറോപ്പിന്റെ മാധ്യമ പ്രവര്‍ത്തകരായ അബ്ദുല്ല ഹനന്‍സായി, മുഹറം ദുര്‍റാനി, ടോളോ വാര്‍ത്താ ഏജന്‍സി കാമറാമാന്‍ യാര്‍മുഹമ്മദ് തൂഖി എന്നിവര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.
റേഡിയോ പ്രവര്‍ത്തകനായ ശബ്‌വൂണ്‍ കാകര്‍, അല്‍ ജസീറ ഫോട്ടോഗ്രാഫര്‍ സയ്യിദ് നാസര്‍ ഹാശിമി അടക്കം നാലു റിപോര്‍ട്ടര്‍മാര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. അഫ്ഗാനില്‍ ആദ്യമായാണ് ഒരാക്രമണത്തില്‍ ഇത്രയുമധികം മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത്. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണെന്ന് അഫ്ഗാന്‍ ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു.
ആക്രമണമുണ്ടായത് ശക്തമായ സുരക്ഷാ സജ്ജീകരണങ്ങളുള്ള സ്ഥലത്താണ്. സ്‌ഫോടനം നടന്നതിന്റെ ഏതാനും മീറ്റര്‍ അകലെയാണ് നാറ്റോ ആസ്ഥാനം. സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തിപ്പെടുത്തിയിരിക്കുകയാണ് കാബൂളില്‍.
കാന്തഹാറില്‍ നടന്ന മറ്റൊരു ആക്രമണത്തില്‍ 11 കുട്ടികള്‍ കൊല്ലപ്പെട്ടതായും റിപോര്‍ട്ടുണ്ട്. 16 പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാനിലെ വിദേശ സൈനികരും പോലിസും പരിക്കേറ്റവരില്‍ ഉള്‍പ്പെടും. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏെറ്റടുത്തിട്ടില്ല.
Next Story

RELATED STORIES

Share it