wayanad local

കാപ്പി: കേന്ദ്രനയം വേണമെന്ന് ദേശീയ സെമിനാര്‍



കല്‍പ്പറ്റ: കാപ്പി ഉല്‍പാദനവും ഉപഭോഗവും വര്‍ധിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നയം രൂപീകരിക്കണമെന്ന് അന്താരാഷ്ട്ര കാപ്പിദിനത്തോടനുബന്ധിച്ച് കല്‍പ്പറ്റയില്‍ നടന്ന ദേശീയ സെമിനാര്‍ ആവശ്യപ്പെട്ടു. കാപ്പി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, മേഖലയിലെ പ്രതിസന്ധികള്‍, പരിഹാര മാര്‍ഗങ്ങള്‍, സര്‍ക്കാര്‍ ഇടപെടല്‍, ഇതര ഏജന്‍സികളുടെ സഹകരണം, കൂട്ടായ്മ എന്നിവ പ്രോല്‍സാഹിപ്പിക്കുന്നതിന് നയത്തില്‍ മാര്‍ഗരേഖയുണ്ടാവണം. ദേശീയ കാര്‍ഷികനയത്തിന് അനുരൂപമായി പ്രത്യേക കാപ്പി നയം ഉണ്ടെങ്കില്‍ മാത്രമേ ചെറുകിട-നാമമാത്ര കര്‍ഷകര്‍ രക്ഷപ്പെടൂ. സബ്‌സിഡികള്‍ മാത്രമല്ല, സാങ്കേതിക സഹായങ്ങളും സര്‍ക്കാര്‍ പ്രോല്‍സാഹനങ്ങളും എക്കാലത്തും ഉണ്ടാവണം. കാപ്പിനയം രാജ്യത്ത് ഏറ്റവും കൂടുതല്‍ കാപ്പി ഉല്‍പാദിപ്പിക്കുന്ന കര്‍ണാടക, കേരള സംസ്ഥാനങ്ങള്‍ക്കാണ് കൂടുതല്‍ ഗുണം ചെയ്യുക. എന്നിരിക്കെ, കേരള, കര്‍ണാടക സര്‍ക്കാരുകള്‍ കാപ്പിനയ രൂപീകരണത്തിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണം. വിലനിര്‍ണയത്തില്‍ കര്‍ഷകന് അവകാശം ലഭിക്കുന്ന തരത്തില്‍ നയരൂപീകരണം ഉണ്ടാവണം. ഉല്‍പാദനോപാധികള്‍, വൈദ്യുതി, ജലസേചന സൗകര്യം, സംസ്‌കരണം തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി പുനസ്ഥാപിക്കണം. ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്കും പുനകൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡിയോടുകൂടി പ്രാഥമിക സഹായം നല്‍കണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു. ഗുണമേന്മയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വയനാടന്‍ കാപ്പി അന്തര്‍ദേശീയ തലത്തില്‍ ബ്രാന്‍ഡ് ചെയ്യുന്നതിന് അനന്ത സാധ്യതകളുണ്ടെന്നു വിഷയാവതരണം നടത്തിയ കോഫി ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കറുത്തമണി പറഞ്ഞു. വികാസ് പീഡിയ സംസ്ഥാന കോ-ഓഡിനേറ്റര്‍ സി വി ഷിബു, ഓര്‍ഗാനിക് വയനാട് ഡയറക്ടര്‍ കെ എം ജോര്‍ജ്, കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പ്രശാന്ത് രാജേഷ്, വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി, വേ കഫെ പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ റോയി ആന്റണി, അല ട്രിപ്‌സ് മാനേജിഹ് ഡയറക്ടര്‍ ആന്‍ജോ ആന്‍ഡ്രൂസ് ക്ലാസെടുത്തു. കാപ്പി ദിനാചരണ പരിപാടികള്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മില്‍മ ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ എം കെ ദേവസ്യ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it