Kottayam Local

കാന്‍സറിനെ അതിജീവിച്ച് ആഘോഷ്; പിറന്നാള്‍ സമ്മാനമായി മെഡിക്കല്‍ ഫലം



എരുമേലി: ആഘോഷിനിത് രണ്ടാം ജന്മമാണ്. കഠിനരോഗം തോറ്റുമടങ്ങിയെന്ന മെഡിക്കല്‍ ഫലം കഴിഞ്ഞ ദിവസം കിട്ടുമ്പോള്‍ ആഘോഷിന് ആറാം പിറന്നാളായിരുന്നു. ഇനി മൂന്നു മാസത്തെ തുടര്‍ ചികില്‍സ കൂടി കഴിഞ്ഞാല്‍ തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്ററില്‍ നിന്ന് ആറ് വയസ്സുകാരന്‍ ആഘോഷ് എന്ന അമ്പാടിക്ക് എരുമേലിയിലെ വീട്ടിലേക്കു മടങ്ങാം. ആഘോഷിനെ കാണാനും സ്വീകരിക്കാനും കാത്തിരിക്കുകയാണ് എരുമേലി നിര്‍മല പബ്ലിക് സ്‌കൂളിലെ കുട്ടികളും ചികില്‍സയ്ക്ക് കൈത്താങ്ങ് പകര്‍ന്ന സുമനസ്സുകളും. എരുമേലി കണ്ണങ്കരപ്പറമ്പില്‍ വിനോദ്അശ്വതി ദമ്പതികളുടെ മകനായ ആഘോഷ് രക്താര്‍ബുദം ബാധിച്ച് ആറു മാസം മുമ്പാണ് ചികില്‍സയിലായത്. വാടക വീട്ടില്‍ പെരുകുന്ന കടബാധ്യതകള്‍ക്ക് നടുവില്‍ നട്ടം തിരിയുന്ന കുടുംബത്തിന് മകന്റെ അസുഖത്തിനു മുമ്പില്‍ പകച്ചുനില്‍ക്കാനേ കഴിഞ്ഞുള്ളൂ. വാര്‍ഡംഗം ജസ്‌നാ നെജീബ് ചെയര്‍മാനും റെഫീഖ് കിഴക്കേപറമ്പില്‍ കണ്‍വീനറുമായി രൂപീകരിച്ച സഹായ സമിതിയും ആഘോഷ് പഠിച്ച നിര്‍മല സ്‌കൂളിലെ കുട്ടികളും ഉള്‍പ്പടെ നിരവധി പേരുടെ സഹായ ഹസ്തങ്ങളിലൂടെയാണ് ചികില്‍സയ്ക്കു വഴിയൊരുങ്ങിയത്. തിരുവനന്തപുരത്ത് താമസിക്കുന്ന എരുമേലി സ്വദേശിയും ലോക ബാങ്ക് കണ്‍സള്‍ട്ടന്റുമായ അഡ്വ. ഷെബീര്‍ മുഹമ്മദും കുടുംബവും സുഹൃത്തുക്കളുമാണ് തിരുവനന്തപുരം ആര്‍സിസിക്കടുത്ത് വീട് നല്‍കി താമസിപ്പിച്ചും ചികില്‍സയ്ക്കു തികയാതിരുന്ന പണവും നല്‍കി ഒപ്പമുണ്ടായിരുന്നത്. തുടക്കത്തില്‍ ആഘോഷിന്റെ ആരോഗ്യ നില വഷളായി ചികില്‍സയോട് പ്രതികരിക്കുന്നതില്‍ തടസ്സങ്ങള്‍ നേരിട്ടിരുന്നു. ക്രമേണ ചികില്‍സയും കീമോതെറാപ്പിയും ആഘോഷിന്റെ രോഗം ഭേദമാക്കുകയായിരുന്നു. ആറ് വയസ്സ പൂര്‍ത്തിയായ കഴിഞ്ഞ ദിവസമാണ് അദ്ഭുത സമ്മാനം പോലെ രോഗം ഭേദമായതിന്റെ ബയോപ്‌സി റിപോര്‍ട്ട് ലഭിച്ചത്. അന്ന് അമ്മയ്ക്കും തിരുവനന്തപുരത്തെ സുമനസ്സുകള്‍ക്കുമൊപ്പം കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച ആഘോഷ് പുതുജന്മം നല്‍കിയ എല്ലാവര്‍ക്കുമായി കണ്ണീരണിഞ്ഞ മുഖവുമായി കൃതഞ്ജതയോടെ പ്രാര്‍ത്ഥിച്ചു. ഇനി മൂന്നു മാസം കൂടി നീളുന്ന തുടര്‍ ചികില്‍സയ്ക്ക് ശേഷം പഴയതുപോലെ പുഞ്ചിരിയുമായി ആഘോഷിന് സ്‌കൂളിലെത്താം. അന്ന് ഉഗ്രന്‍ വരവേല്‍പ്പ് നല്‍കാനായി കാത്തിരിക്കുകയാണ് സഹപാഠികളും അധ്യാപകരും.
Next Story

RELATED STORIES

Share it