കാന്‍സര്‍ സുരക്ഷ: മലപ്പുറം ജില്ലയെയും ഉള്‍പ്പെടുത്തും

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ കാന്‍സര്‍ സുരക്ഷാ പദ്ധതി മലപ്പുറം ജില്ലയിലെ ആശുപത്രികളിലും നടപ്പാക്കുമെന്ന് മന്ത്രി എംകെ മുനീര്‍ നിയമസഭയെ അറിയിച്ചു. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് വേണ്ട നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ടിഎ അഹമ്മദ് കബീറിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. താലോലം പദ്ധതി നടപ്പാക്കുന്നതിന് മഞ്ചേരി മെഡിക്കല്‍ കോളജിനെ തിരഞ്ഞെടുത്തിട്ടുണ്ട്.
മലപ്പുറം ജില്ലയിലുള്ളവര്‍ക്ക് കാന്‍സര്‍ സുരക്ഷാ പദ്ധതിയുടെ പ്രയോജനം ലഭിക്കണമെങ്കില്‍ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനെ സമീപിക്കണം. ഇത് ജില്ലയിലുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന പരാതി സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും. സാമൂഹികനീതി വകുപ്പ് നടപ്പാക്കുന്ന കാന്‍സര്‍ സുരക്ഷാ പദ്ധതിയില്‍ 2,564 പേര്‍ക്ക് പ്രയോജനം കിട്ടി. താലോലം പദ്ധതിയില്‍ 8,274 പേര്‍ക്ക് പ്രയോജനം ലഭിച്ചു. ഇതിനായി ഏഴു കോടി നടപ്പുബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. മലപ്പുറം ജില്ലാ ആശുപത്രിയില്‍ താലോലം പദ്ധതിക്ക് കൗണ്‍സിലറെ നിയമിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it