malappuram local

കാന്‍സര്‍ രോഗികള്‍ക്ക് കേശദാനവുമായി വിദ്യാര്‍ഥിനികളും അധ്യാപികമാരും

അങ്ങാടിപ്പുറം: കാന്‍സര്‍ പിടിപെട്ട് തലമുടി നഷ്ടപ്പെട്ട നിര്‍ധനര്‍ക്ക് ആശ്വാസം പകരാന്‍ പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളും അധ്യാപികമാരും നന്മയുടെ കൂട്ടായ്മയൊരുക്കി. സ്‌കൂളിലെ എന്‍എസ്എസിന്റെ നേതൃത്വത്തില്‍ താമരശ്ശേരി രൂപതയിലെ സാമുഹ്യ സേവനവിഭാഗമായ സിഒഡിയുടെ കീഴിലുള്ള ആശാകിരണം പദ്ധതിയുമായി സഹകരിച്ചാണ് കേശദാനം സംഘടിപ്പിച്ചത്. തൃശൂര്‍ അമല കാന്‍സര്‍ സെന്റര്‍ അധികൃതര്‍ മുടി ഏറ്റുവാങ്ങി. പ്രശസ്ത സിനിമാതാരം അനുമോള്‍ മുഖ്യാതിഥിയായിരുന്നു. അധ്യാപികമാരായ റീനില്‍ ജോസ്, ജി സിന്ധു, ടി എം അജീബ, ആഗ്‌നസ് സുജാത എന്നിവര്‍ മുടി മുറിച്ചുനല്‍കി കുട്ടികള്‍ക്കു മാതൃകയായി. തുടര്‍ന്ന് ഹൈസ്‌കൂള്‍,  ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനികളായ 36 പേരും മുടി നല്‍കി.  കാന്‍സര്‍ ബാധിതയായ അമ്മയെ നഷ്ടപ്പെട്ട പത്താം ക്ലാസുകാരിയും സ്‌പോര്‍ട്‌സ് താരവുമായ സാന്ദ്ര ഫിലിപ്പും കണ്ണീരോര്‍മകളോടെ കൂട്ടുകാര്‍ക്കൊപ്പം മുടി നല്‍കി. സിഒഡി അസി. ഡയറക്ടര്‍ ഫാ. ജയ്‌സണ്‍ കാരക്കുന്നേല്‍ ആധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പല്‍ ബെനോ തോമസ്, പ്രധാനാധ്യാപിക ജോജി വര്‍ഗീസ്, പിടിഎ പ്രസിഡന്റ് ജോണി പുതുപ്പറമ്പില്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ബെന്നി തോമസ്, മനോജ് വീട്ടുവേലിക്കുന്നേല്‍, ആശാ കിരണം  ഡയറക്ടര്‍ സിസ്റ്റര്‍ റോസ് മൈക്കിള്‍, സി എം നാരായണന്‍, അമ്പിളി എലിസബത്ത് ജോണ്‍ എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it