thrissur local

കാന്‍സര്‍ രോഗികളായ കുട്ടികള്‍ക്ക് സാന്ത്വനമേകി ഖാദി ടെയ്‌ലിന് തുടക്കം



തൃശൂര്‍: ഡിസൈനര്‍ അഞ്ജലി വര്‍മ രൂപകല്‍പന ചെയ്ത ഖാദി, കൈത്തറി വസ്ത്രങ്ങളുടെ പ്രദര്‍ശനവും വില്‍പനയും തൃശൂരില്‍ ആരംഭിച്ചു. ഖാദി ടെയ്ല്‍ എന്ന പേരില്‍ കാന്‍സര്‍ രോഗികളായ കുട്ടികള്‍ക്കായുളള ധനസമാഹരണാര്‍ഥം സംഘടിപ്പിക്കുന്ന പരിപാടി കല്യാണ്‍ ജുവലേഴ്‌സ് ചെയര്‍മാന്‍ ടി എസ് കല്യാണരാമന്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ പുഴയ്ക്കല്‍ ശോഭ സിറ്റി ക്ലബ് ഹൗസിലാണ് പരിപാടി. പീഡിയാട്രിക് കാന്‍സര്‍ രോഗികളുടെ ചികില്‍സയ്ക്കായി രാജ്യത്ത് നടത്തുന്ന ഇത്തരത്തിലുള്ള ആദ്യ പരിപാടിയാണ് ഖാദി ടെയ്ല്‍. ഡിസൈനര്‍ അഞ്ജലി വര്‍മ പ്രത്യേകമായി തയ്യാറാക്കിയ ഖാദി, കൈത്തറി വസ്ത്രങ്ങളായിരിക്കും പരിപാടിയില്‍ പ്രദര്‍ശിപ്പിക്കുക. വില്‍പനയില്‍ നിന്നു ലഭിക്കുന്ന ലാഭം മുഴുവനായും പീഡിയാട്രിക് കാന്‍സറിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രശസ്ത എന്‍ജിഓ ആയ സൊളേസിനു സംഭാവന ചെയ്യും. സമൂഹത്തിന്റെ നന്മയ്ക്കായി ഇത്തരത്തിലുള്ള ഒരു പരിപാടി സംഘടിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും തന്റെ കഴിവുകള്‍ വേദനിക്കുന്ന കുട്ടികള്‍ക്കു വേണ്ടി ഉപയോഗിക്കുന്നതില്‍ അഭിമാനമുണ്ടെന്നും അഞ്ജലി വര്‍മ പറഞ്ഞു. സമൂഹത്തില്‍ ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കും തുല്യമാണെന്നു വിശ്വസിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ക്യാന്‍സര്‍ രോഗികളായ കുട്ടികള്‍ക്ക് സമൂഹത്തിന്റെ സ്‌നേഹവും പരിഗണനയും വളരെയധികം ആവശ്യമാണെന്നും തന്റെ കഴിവുകള്‍ രോഗികളായ കുട്ടികള്‍ക്കു വേണ്ടി ഉപയോഗിക്കാനായി ഈ പരിപാടി സംഘടിപ്പിക്കുന്നതില്‍ ഡിസൈനര്‍ അഞ്ജലി വര്‍മയോടു നന്ദിയുണ്ടെന്നും സൊളേസ് സ്ഥാപക ഷീബ അമീര്‍ പറഞ്ഞു. പ്രദര്‍ശനം ഇന്ന് രാവിലെ പത്തു മുതല്‍ രാത്രി 9 വരെ കൂടിയുണ്ട്.
Next Story

RELATED STORIES

Share it