thrissur local

കാന്‍സര്‍ രോഗനിര്‍ണയ ക്യാംപ്; പണം തട്ടിയെടുത്തതായി ആരോപണം

മാള: കെ കരുണാകരന്‍ സ്മാരക മാള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വനിതകള്‍ക്കായി കാന്‍സര്‍ രോഗ നിര്‍ണയ ക്യാംപ് നടത്തിയെന്ന് പറഞ്ഞുകൊണ്ട് ആശുപത്രി സൂപ്രണ്ട് പണം തട്ടിയതായി പരാതി. 2017-18 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50000 രൂപ വകയിരുത്തിയ വനിതകള്‍ക്കായുള്ള കാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാംപിന്റെ പേരിലാണ് നിര്‍വ്വഹണ ഉദ്യോഗസ്ഥയായ ഡോ. പി എസ് ആശ പണം തട്ടിയെടുത്തതായി ഗ്രാമപഞ്ചായത്ത് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആരോപിച്ചു.
ഇക്കഴിഞ്ഞ മാര്‍ച്ച് 13ാം തിയ്യതി മാള ഗവണ്‍മെന്റ് ആശുപത്രിയില്‍വെച്ച് ക്യാംപ് നടത്തിയെന്ന് പറഞ്ഞാണ് വ്യാജ രേഖകളുണ്ടാക്കി 49997 രൂപ മാറിയെടുത്തത്. ഒ പിയിലെത്തിയ രോഗികളെക്കൊണ്ട് ഒപ്പിടുവിച്ച് വ്യാജ രേഖകള്‍ ഉണ്ടാക്കിയ മിനിറ്റ്‌സും വ്യാജമായുണ്ടാക്കിയ ബില്ലും വൗച്ചറുകളും തയ്യാറാക്കിയാണ് പണം തട്ടിയതെന്നാണ് ആരോപണം.
കാന്‍സര്‍ രോഗ നിര്‍ണ്ണയത്തിനാവശ്യമായ യാതൊരു ഉപകരണങ്ങളോ മരുന്നുകളോ ഉപയോഗിക്കാതെയാണ് പണം തട്ടിയെടുത്തത്. സ്ഥലം വാര്‍ഡംഗത്തേയോ മറ്റു ഭരണസമിതിയംഗങ്ങളേയോ അറിയിക്കാതെയാണ് പഞ്ചായത്തിന്റെ പദ്ധതി പണം തട്ടിയെടുത്തിരിക്കുന്നത്.
തുക അനുവദിക്കുന്നതിന് അലോട്ട്‌മെന്റില്‍ ഒപ്പിട്ട് കൊടുത്ത് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ഈ തട്ടിപ്പിന് കൂട്ടുനിന്നിരിക്കയാണ്. പദ്ധതി പണം കൂടുതല്‍ ചിലവഴിച്ച പഞ്ചായത്തുകളുടെ ഗണത്തിലേക്ക് എത്തുന്നതിനായി തോന്നിയപോലെ നടത്താത്ത പദ്ധതികള്‍ക്ക് പണം ചിലവഴിച്ചിരിക്കയാണ്. അഴിമതിക്കും കള്ളത്തരത്തിനും കൂട്ടുനിന്ന പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആവശ്യപ്പെട്ടു. ബന്ധപ്പെട്ട മേലധികാരികള്‍ക്കും വിജിലന്‍സിനും പരാതി നല്‍കുന്നതിന് യോഗം തീരുമാനിച്ചു.
പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ടി കെ ജിനേഷ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. വര്‍ഗീസ് വടക്കന്‍, ജൂലി ബെന്നി, സ്മിത ഫ്രാന്‍സിസ് സംസാരിച്ചു. അതേസമയം തനിക്ക് എതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ സുകുമാരന്‍. 100 ശതമാനം പദ്ധതി പണം ചെലവഴിച്ചതിന്റെ പേരിലുള്ളതും അവരുടെ കാലത്ത് അതിനായില്ലയെന്നതിനാലുമാണ് അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it