കാന്‍സര്‍ ബാധിതന് പരീക്ഷയില്‍ ഉന്നത വിജയം

കൊല്‍ക്കത്ത: ഗുരുതരമായി കാന്‍സര്‍ ബാധിച്ച 16 വയസ്സുകാരന്‍ ഐസിഎസ്‌സി പരീക്ഷയില്‍ 95.8 ശതമാനം മാര്‍ക്കോടെ ഉന്നത വിജയം കരസ്ഥമാക്കി. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ ബാധിച്ച രാഘവ് ചന്ദക് ആണ് രോഗത്തിന്റെ തീഷ്ണതയും നീണ്ട കാലത്തെ ആശുപത്രിവാസവും മറികടന്ന് ഉന്നത വിജയം നേടിയത്. കഴിഞ്ഞ ഏപ്രിലിലാണ് രാഘവിന് രോഗം കണ്ടെത്തിയത്. അതിനുശേഷം ഒന്നര മാസത്തോളം ആശുപത്രിയില്‍ തന്നെയായിരുന്നു. പക്ഷേ, ഈ സമയത്തും പാഠപുസ്തകങ്ങളുമായുള്ള ബന്ധം നിലനിര്‍ത്തി. സഹപാഠിയായ ബന്ധു എല്ലാ ദിവസത്തെയും നോട്ടുകളും രാഘവിന് എത്തിച്ചുകൊടുത്തിരുന്നു. പ്രതിരോധശേഷി അപ്പാടെ തകര്‍ന്നു രോഗം ഗുരുതരമായ അവസ്ഥയില്‍ പോലും പഠനത്തോടുള്ള അടങ്ങാത്ത താല്‍പര്യം നിലനിര്‍ത്തിയ രാഘവിന് പിന്തുണയുമായി വിദ്യാലയം മുഴുക്കെ ഉണ്ടായിരുന്നുവെന്ന് അച്ഛന്‍ മനോജ് ചന്ദക് പറഞ്ഞു. ഫോണില്‍ സംശയങ്ങള്‍ ചോദിക്കുമ്പോഴെല്ലാം അധ്യാപകര്‍ ആശുപത്രിയിലെത്തി പറഞ്ഞുകൊടുത്തു. ഇതിനു പുറമെ സാധ്യമാവുന്ന ദിവസങ്ങളില്‍ ക്ലാസില്‍ എത്തിയിരുന്ന രാഘവിനായി മറ്റുള്ളവരില്‍ നിന്ന് അണുബാധ ഏല്‍ക്കാതിരിക്കാന്‍ പ്രത്യേക ബെഞ്ച്തന്നെ ഒരുക്കി. രോഗം ഗുരുതരമായപ്പോള്‍ പരീക്ഷ എഴുതാന്‍ സാധിക്കുമോ എന്നുപോലും വീട്ടുകാര്‍ ആശങ്കപ്പെട്ടിരുന്നു. പക്ഷേ, എല്ലാ പ്രയാസങ്ങളെയും മറികടന്ന് പരീക്ഷയെഴുതിയ രാഘവ് മികച്ച വിജയം നേടിയതോടെ വിദ്യാലയം ഒന്നടങ്കം ആഹ്ലാദത്തിലാണ്. ഐഐടിയില്‍ പ്രവേശനം നേടണമെന്ന വലിയ സ്വപ്‌നത്തിലേക്കുള്ള പ്രയാണത്തിലാണ് ഈ വിദ്യാര്‍ഥി.
Next Story

RELATED STORIES

Share it