thrissur local

കാന്‍സര്‍ പ്രതിരോധം: ബോധവല്‍കരണ സുരക്ഷാ യജ്ഞം സംഘടിപ്പിക്കുന്നു



തൃശൂര്‍: കാന്‍സറിനെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള ലാവന്‍ഡര്‍ ആര്‍മി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ആശാകിരണം ബോധവല്‍കരണ സുരക്ഷാ യജ്ഞം സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം നാളെ രാവിലെ പത്തിന് തൃശൂര്‍ അതിരൂപതാ ഡി ബി സി എല്‍ സി ഹാളില്‍ മാര്‍ ജേക്കബ് തൂങ്കുഴി നിര്‍വഹിക്കും. ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ തൃശൂര്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. സി ഡോ. റോസ് അനിത അധ്യക്ഷത വഹിക്കും. മേഖലാ ഐ ജി. എം ആര്‍ അജിത് കുമാര്‍, കാരിത്താസ് ഇന്ത്യ അസോസിയേറ്റ് ഡയരക്ടര്‍ റവ. ഫാ. പോള്‍ മുഞ്ഞേലി എന്നിവരും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും. കാന്‍സറിനെതിരെ പോരാടുന്നതിന് വേണ്ടി ആരംഭിച്ച സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് ലാവന്‍ഡര്‍ ആര്‍മിയെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് അതിരൂപതാതലത്തില്‍ ആശാകിരണം പദ്ധതി ആരംഭിച്ചത്. ബോധവത്കരണ ക്ലാസുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, വിത്ത് വിതരണം, പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് പകരം തുണി, ചണം എന്നിവ കൊണ്ടുള്ളവ പരിചയപ്പെടുത്തല്‍, കേശദാനം, കാന്‍സര്‍ രോഗികള്‍ക്കുള്ള സര്‍ക്കാര്‍അര്‍ധ സര്‍ക്കാര്‍ പദ്ധതികള്‍ പരിചയപ്പെടുത്തല്‍, നിര്‍ധനരായ കാന്‍സര്‍ രോഗികളുടെ കുടുംബങ്ങളെ ദത്തെടുത്ത് സഹായിക്കല്‍, മക്കള്‍ക്ക് പഠന സഹായം നല്‍കല്‍ തുടങ്ങിയവയാണ് ആശാകിരണം വഴി നിര്‍വഹിച്ചു വരുന്നത്. ഫാ. തോമസ് പുതുപ്പാടി, ഫാ. പോള്‍ മാളിയമ്മാവ്, എ എ ആന്റണി, ബാബു ചിറ്റിലപ്പിള്ളി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it