World

കാന്‍ഡി: കര്‍ഫ്യൂ പിന്‍വലിച്ചു; വിക്രമസിംഗയെ ക്രമസമാധാന ചുമതലയില്‍ നിന്നു നീക്കി

കൊളംബോ: ശ്രീലങ്കയില്‍ മുസ്്‌ലിംകള്‍ക്കെതിരേ ബുദ്ധമതക്കാര്‍ വ്യാപക അക്രമം അഴിച്ചുവിട്ട കാന്‍ഡിയില്‍ കര്‍ഫ്യൂ താല്‍ക്കാലികമായി പിന്‍വലിച്ചു.  എന്നാല്‍ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗയെ ക്രമസമാധാന പാലനത്തില്‍ നിന്നു പ്രസിഡന്റ് മൈത്രി പാല സിരിസേന പുറത്താക്കി.
വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി നേതാവ്  രഞ്ചിത് മധുമ ബന്ധാരയെയാണ് ക്രമസമാധാന പാലന ചുമതല നല്‍കിയിരിക്കുന്നത്. 11 ദിവസം മുമ്പായിരുന്നു വിക്രമസിംഗെ ക്രമസമാധാന പാലനത്തിന്റെ ചുമതല ഏറ്റെടുത്തത്. ബുധനാഴ്ച രാത്രിയിലും ഇന്നലെ രാവിലെയും കാന്‍ഡിയില്‍ നിന്നും സംഘര്‍ഷങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും പ്രദേശം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയതായും സൈന്യം അറിയിച്ചു.
ഒരാഴ്ച മുമ്പാണ് കാന്‍ഡിയില്‍ സിംഹള ബുദ്ധവിഭാഗം മുസ്‌ലിംകള്‍ക്കെതിരേ ആക്രമണം തുടങ്ങിയത്. ഞായറാഴ്ച സംഘര്‍ഷത്തിനിടെ ബുദ്ധമത ക്കാരന്‍ കൊല്ലപ്പെട്ടു എന്നാരോപിച്ചാണ് കാന്‍ഡിയില്‍ മുസ്‌ലിം പള്ളികള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും എതിരേ ആക്രമണം അഴിച്ചുവിട്ടത്.   മുസ്‌ലിംകള്‍ക്കെതിരായ അക്രമം വ്യാപിച്ചതോടെ ചൊവ്വാഴ്ച പ്രസിഡന്റ് മൈത്രിപാല സിരിസേന 10 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മുസ്‌ലിംകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്നും ബുദ്ധമത സ്മാരകങ്ങള്‍ നശിപ്പിക്കുന്നുവെന്നും ആരോപിച്ചാണ്  ആക്രമണം.
Next Story

RELATED STORIES

Share it