kannur local

കാനാമ്പുഴ പുനരുജ്ജീവനം: 73.75 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍

കണ്ണൂര്‍: കാനാമ്പുഴ സമഗ്ര നീര്‍ത്തട വികസനത്തിന്റെ വിശദ പദ്ധതിരേഖ തയ്യാറായി. കാനാമ്പുഴയെ പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ട് 73.75 കോടിയുടെ മാസ്റ്റര്‍ പ്ലാനാണ് തയ്യാറാക്കിയിട്ടുള്ളത്. തിരുവനന്തപുരത്ത് ഹരിതകേരളം മിഷന്‍ ആസ്ഥാനത്ത് സംഘടിപ്പിച്ച ശില്‍പശാലയില്‍ വിശദമായ പദ്ധതിരേഖ അവതരിപ്പിച്ചു. 73.75 കോടിയുടെ മൊത്തം പദ്ധതി അടങ്കല്‍ തുകയില്‍ 24 കോടി നീര്‍ത്തട വികസനത്തിനും 49.75 കോടി ജവലവിഭവ  പദ്ധതി നിര്‍വഹണത്തിനുമായാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ശില്‍പശാലയില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളും ഭേദഗതികളും ഉള്‍പ്പെടുത്തി പദ്ധതിക്കു അന്തിമരൂപം നല്‍കും. ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി എന്‍ സീമ, സോയില്‍ സര്‍വേ വകുപ്പ് അധ്യക്ഷന്‍ ജസ്റ്റിന്‍ മോഹന്‍, ജലസേചന വകുപ്പ് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ശ്രീലേഖ, ലാന്റ് യൂസ് ബോര്‍ഡ് കമ്മീഷണര്‍ നിസാമുദ്ദീന്‍, കാനാമ്പുഴ അതിജീവന സമിതി കണ്‍വീനര്‍ എന്‍ ചന്ദ്രന്‍, ഹരിതകേരളം മിഷന്‍ കണ്‍സള്‍ട്ടന്റമാരായ എബ്രഹാം കോശി, ടി പി സുധാകരന്‍, കണ്ണൂര്‍ ജില്ലാ കോ-ഓഡിനേറ്റര്‍ സോമശേഖരന്‍ നേതൃത്വം നല്‍കി. കൃഷി, ജലസേചനം, മണ്ണുസംരക്ഷണം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. പൊതുജനങ്ങളില്‍ നിന്നു സ്വീകരിച്ച ജനകീയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതിക്ക് രൂപം നല്‍കിയത്. ജനകീയവും പ്രാദേശികവുമായ പങ്കാളിത്തം ഉറപ്പാക്കാനായി കോ-ഓഡിനേഷന്‍ കമ്മിറ്റിയും 4 പ്രാദേശിക സൊസൈറ്റികളും രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കാനാമ്പുഴ നവീകരണത്തിനുള്ള നേരത്തെയും ശ്രമങ്ങള്‍ നടന്നിരുന്നു. സി ചന്ദ്രന്‍ ചേലോറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോള്‍ 20 വര്‍ഷം മുമ്പ് അയ്യപ്പന്‍മലയിലെ കാട്ടരുവി മുതല്‍ ആദികടലായിയിലെ അഴിമുഖം വരെ നടന്ന് പഞ്ചായത്തധികൃതരുടെ നേതൃത്വത്തില്‍ പുഴയെ കണ്ടെത്താന്‍ ശ്രമം നടത്തിയിരുന്നു. പിന്നീട് 2007ല്‍ സുനാമി പുനരധിവാസ പദ്ധതിയില്‍പ്പെടുത്തയും നവീകരിക്കാന്‍ ശ്രമിച്ചു. പിന്നീട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എ പി അബ്ദുല്ലക്കുട്ടി എംഎല്‍എ മുന്‍കൈയെടുത്തു പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചു. പലപല കാരണങ്ങളാല്‍ ഇതൊന്നും ഫലംകണ്ടില്ല. ഇപ്പോള്‍ ഹരിതകേരളം പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് കാനാമ്പുഴയുടെ പ്രവാഹത്തിന് വീണ്ടും വഴിതുറക്കുന്നത്.
കണ്ണൂര്‍ കാലത്തിനൊപ്പം എന്ന പ്രമേയത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ സമഗ്രവികസന പദ്ധതിയിലെ ഒന്നാമത്തെ പദ്ധതിയാണിത്. 5000 പേരുടെ പ്രവൃത്തിയിലൂടെ കാനാമ്പുഴയെ മാലിന്യരഹിതമാക്കുകയാണ് ഒന്നാം ഘട്ടം. ചെന്നൈ ഐഐടിയും ജലസേചന വകുപ്പും നിര്‍ദേശിച്ച പദ്ധതികള്‍ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങളോടെയാണ് സമഗ്രമായ കാനാമ്പുഴ നവീകരണ പദ്ധതി നടപ്പാക്കുക.
Next Story

RELATED STORIES

Share it