Editorial

കാനവും സിപിഐയും പറയുന്നതിനു പുല്ലുവില

ആദര്‍ശ രാഷ്ട്രീയത്തിന്റെ വക്താക്കളാണ് തങ്ങളെന്നു പുരപ്പുറത്തു കയറി വിളിച്ചുകൂവുന്നവരാണ് സിപിഐക്കാര്‍. തോമസ് ചാണ്ടിയുടെ കൈയേറ്റ വിഷയത്തിലും മറ്റും കൈക്കൊണ്ട നിലപാടുകള്‍ വഴി സ്വന്തം പ്രതിച്ഛായക്ക് മാറ്റുകൂട്ടിയിട്ടുമുണ്ട് കാനം രാജേന്ദ്രന്റെ നേതൃത്വത്തിനു കീഴില്‍ കേരളത്തിലെ സിപിഐ. പക്ഷേ, പാര്‍ട്ടി പറഞ്ഞതത്രയും വീണ്‍വാക്കുകളായിപ്പോയോ? എടുത്ത നടപടികളെല്ലാം പൊട്ടപ്പണികളായി മാറിയോ?
വയനാട് ജില്ലയിലെ മിച്ചഭൂമി കച്ചവടവുമായി ബന്ധപ്പെട്ട് പാര്‍ട്ടി ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര തന്നെ പ്രതിക്കൂട്ടിലകപ്പെട്ട സാഹചര്യത്തില്‍ പുറത്തു പറയുന്ന ആദര്‍ശം കൊണ്ടുനടക്കാന്‍ സിപിഐക്ക് സാധിക്കുമോ എന്നതാണ് ചോദ്യം. കണ്ടേടത്തോളം വച്ചുനോക്കുമ്പോള്‍ ആരോപണവിധേയര്‍ക്കെതിരില്‍ കര്‍ക്കശ നടപടിയെടുക്കാന്‍ പാര്‍ട്ടിക്ക് സാധിക്കുമെന്നു തോന്നുന്നില്ല. അങ്ങനെയാണ് സംഭവിക്കുന്നതെങ്കില്‍ സിപിഐ സഞ്ചരിക്കുന്നതും പൊയ്ക്കാലില്‍ എന്നുറപ്പ്.
ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത വാര്‍ത്തയും അതിനോടുള്ള വിജയന്‍ ചെറുകരയുടെ പ്രതികരണവും കണ്ണാല്‍ കണ്ട ഒരാള്‍ക്കു പോലും അദ്ദേഹം നല്‍കിയ വിശദീകരണം വിശ്വസിക്കാന്‍ സാമാന്യബുദ്ധിയുണ്ടെങ്കില്‍ സാധിക്കില്ല. വെട്ടിമാറ്റിയാണ്, കൂട്ടിച്ചേര്‍ത്താണ് സംപ്രേഷണം ചെയ്തതെന്നു മനസ്സമാധാനത്തിനു വേണ്ടി പറയാം എന്നേയുള്ളൂ. എന്നിട്ടും എന്തേ ആദര്‍ശധീരതയുടെ ആള്‍രൂപമായ കാനം രാജേന്ദ്രനു മിണ്ടാട്ടമില്ലാത്തത്? പാര്‍ട്ടിയിലെ ഗ്രൂപ്പിസമാണോ തടസ്സം, അതോ ജില്ലാ സെക്രട്ടറി അഴിമതിക്കാരനാണെന്നു സമ്മതിച്ചുകൊടുക്കേണ്ടിവരുന്നതിലെ ഇളിച്ചമോ? അതുമല്ല, പുറമേക്കു പറയുന്ന ആദര്‍ശമൊന്നും പ്രായോഗിക രാഷ്ട്രീയത്തില്‍ ഇല്ലെന്നതോ?
വയനാട് ജില്ലയുടെ വികസനം ത്വരിതപ്പെടുത്തുന്ന പദ്ധതിയെന്ന നിലയില്‍ താന്‍ സഹായിക്കാമെന്നു പറഞ്ഞതേയുള്ളൂ എന്നാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ വിശദീകരണം. മിച്ചഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് വിട്ടുകൊടുത്തുകൊണ്ടാണോ വികസനം വരുത്തേണ്ടത്? ഇതു തിരിച്ചറിയാനുള്ള വിവേകം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിക്ക് ഇല്ലെങ്കില്‍ ആ ഒറ്റക്കാരണം മതി അദ്ദേഹം പ്രസ്തുത സ്ഥാനത്തിന് അയോഗ്യനാണെന്നു വിധിയെഴുതാന്‍. പക്ഷേ, സിപിഐ നേതൃത്വം ഇതൊന്നും തിരിച്ചറിയുന്നില്ലെന്നാണ് തോന്നുന്നത്. തിരുവനന്തപുരം രാജ്യസഭാ സീറ്റ് കച്ചവടവുമായി ബന്ധപ്പെട്ടു നടത്തിയ നടപടി നാടകത്തിന്റെ ആവര്‍ത്തനമാണ് പാര്‍ട്ടിയുടെ ഭാഗത്തു നിന്നുണ്ടാവുന്നതെങ്കില്‍ ആദര്‍ശപ്രസംഗമൊന്നും ഇനി വേണ്ടെന്നു മാത്രമേ അവരോട് പറയാനുള്ളൂ.
ഇതിനിടയിലാണ് പാര്‍ട്ടിയുടെ സര്‍വീസ് സംഘടനാരംഗത്തെ ഒരു പ്രമുഖ നേതാവ് താമരശ്ശേരിയില്‍ കൈക്കൂലിക്കേസില്‍ അറസ്റ്റിലായത്. കേരളത്തില്‍ ഏറ്റവുമധികം അഴിമതി നടക്കുന്ന വകുപ്പുകളിലൊന്നാണ് റവന്യൂ. ഈ വകുപ്പ് സംശുദ്ധമാക്കാനാണുപോലും സിപിഐ കച്ചകെട്ടിയിറങ്ങിയിട്ടുള്ളത്. വേലി തന്നെ വിളവു തിന്നുന്ന ഇപ്പോഴത്തെ അവസ്ഥയില്‍ കാനവും കൂട്ടരും പറയുന്നതിന് എന്തു വില?
Next Story

RELATED STORIES

Share it