World

കാനഡ: വഴിയാത്രികര്‍ക്കിടയിലേക്ക് വാന്‍ ഇടിച്ചുകയറ്റി 10 പേര്‍ മരിച്ചു

ഒട്ടാവ: ടൊറോന്റോയില്‍ തിരക്കേറിയ സ്ഥലത്ത് വഴിയാത്രികര്‍ക്കിടയിലേക്ക് വാന്‍ ഓടിച്ചുകയറ്റി 10 പേര്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു. വാന്‍ ഓടിച്ചിരുന്നയാളെ പോലിസ് കീഴപ്പെടുത്തി. “എന്നെ വെടിവയ്ക്കൂ, എന്നെ വെടിവയ്ക്കൂ’ എന്ന് ആക്രോശിച്ച് ഇയാള്‍ പോലിസിനു നേരെ അടുത്തെങ്കിലും ഓഫിസര്‍മാരിലൊരാള്‍ തോക്കുമായി മുന്നോട്ടാഞ്ഞതോടെ ഇയാള്‍ കീഴടങ്ങുകയായിരുന്നെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഫിഞ്ച് ആന്റ് യങ് സ്ട്രീറ്റിനു സമീപം പ്രാദേശിക സമയം ഉച്ചയ്ക്ക് 1.30ഓടെ ആയിരുന്നു സംഭവം. റൈഡര്‍ ട്രക്ക് ആന്റ് റെന്റല്‍ എന്നു രേഖപ്പെടുത്തിയിരിക്കുന്ന വാന്‍ സംഭവസ്ഥലത്തു തന്നെയുണ്ട്.
ആളുകളുടെ ഷൂസുകളും ബാഗുകളും മറ്റും സംഭവസ്ഥലത്ത് ചിതറിക്കിടക്കുന്നതായി കാണാം.  റിച്ച്‌മോണ്ട് ഹില്ലില്‍ നിന്നുള്ള അലെക് മിനാസ്സിയാന്‍ ആണ് കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റിയതെന്ന് ടൊറോന്റോ പോലിസ് മേധാവി മാര്‍ സോണ്ടേഴ്‌സ് അറിയിച്ചു.
അക്രമിയുടെ ലക്ഷ്യം വ്യക്തമല്ലെന്നും പോലിസ് അറിയിച്ചു. ഇത് ഒരു അപകടമല്ലെന്നും പ്രതി വഴിയാത്രികര്‍ക്കിടയിലേക്ക് മനപ്പൂര്‍വം വാന്‍ ഓടിച്ചുകയറ്റുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിക്കെതിരേ കൊലപാതകത്തിന് കേസെടുത്തു. ജി 7 ഉച്ചകോടിയുടെ മുന്നോടിയായി പ്രധാനപ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ കാനഡയില്‍ യോഗം ചേരുന്നതിനിടെയാണ് അപകടം.
Next Story

RELATED STORIES

Share it