കാനഡ: ലിബറലുകള്‍ അധികാരത്തിലേക്ക്

ഒട്ടാവ: ദശാബ്ദത്തോളം നീണ്ട  വലതുപക്ഷ യാഥാസ്ഥിതിക ഭരണത്തിനു വിരാമമിട്ട് കാനഡയില്‍ ലിബറല്‍ പാര്‍ട്ടി മിന്നുന്ന വിജയം സ്വന്തമാക്കി. ലിബറല്‍ പാര്‍ട്ടിയുടെ 43കാരനായ ജസ്റ്റിന്‍ ട്രുഡോ പുതിയ പ്രധാനമന്ത്രിയാവും. മുന്‍ പ്രധാനമന്ത്രി പിയര്‍ ത്രുദോവിന്റെ മകനാണ്. 1968 മുതല്‍ 1984 വരെയാണ് കാനഡയില്‍ പിയര്‍ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചത്.
338 സീറ്റുകളില്‍ 184 എണ്ണത്തിന്റെ വന്‍ ഭൂരിപക്ഷമാണ് ലിബറല്‍ പാര്‍ട്ടി സ്വന്തമാക്കിയത്. പാര്‍ലമെന്റില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രധാന പ്രതിപക്ഷമായിരിക്കും. ഇടതു ചായ്‌വുള്ള ഡെമോക്രാറ്റിക് പാര്‍ട്ടി 44 സീറ്റുകള്‍ നേടി മൂന്നാംസ്ഥാനം നേടി. നേരത്തേ അധ്യാപകനായിരുന്ന ത്രുദോ, കാനഡയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയാണ്.
കാനഡയുടെ സാമ്പത്തിക പുരോഗതിക്കായി കഠിനയത്‌നം നടത്തുമെന്നു പ്രഖ്യാപിച്ച ട്രുഡോ, അടിസ്ഥാന സൗകര്യ വികസനത്തിന് 7.7 ദശലക്ഷം ഡോളര്‍ വകയിരുത്തുമെന്നു വ്യക്തമാക്കി. യുഎസ് ഭരണകൂടവുമായുള്ള സമീപനത്തില്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ ആണവകരാറിലടക്കം മുന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പര്‍ യുഎസുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു.
തിരഞ്ഞെടുപ്പിലൂടെ കനേഡിയന്‍ ജനത വ്യക്തമായ സന്ദേശമാണ് നല്‍കുന്നതെന്നും ഇത് മാറ്റത്തിനുള്ള സമയമാണെന്നും ത്രുദോ പറഞ്ഞു. രാജ്യത്തിനു നല്‍കിയ സേവനത്തിന് ഹാര്‍പ്പറിന് ത്രുദോ നന്ദി അറിയിക്കുകയും ചെയ്തു.
പ്രചാരണ സമയത്ത് മൂന്നാംസ്ഥാനത്തായിരുന്ന ത്രുദോ അദ്ഭുതകരമായ മുന്നേറ്റമാണ് നടത്തിയത്. ഭരണരംഗത്ത് തീരെ പരിചയമില്ലാത്തയാളാണെന്ന വിമര്‍ശനങ്ങളെ തകര്‍ത്തെറിഞ്ഞാണ് മൂന്നു മക്കളുടെ പിതാവായ ത്രുദോ പ്രധാനമന്ത്രി പദത്തിലേറുന്നത്. സോഫി ഗ്രിഗോയിര്‍ ആണ് ത്രുദോവിന്റെ ഭാര്യ.
വോട്ടെണ്ണല്‍ ഭാഗികമായി പൂര്‍ത്തിയായപ്പോള്‍ തന്നെ യാഥാസ്തിക പാര്‍ട്ടിയുടെ നിലവിലെ പ്രധാനമന്ത്രിയായ സ്റ്റീഫന്‍ ഹാര്‍പര്‍ തോല്‍വി സമ്മതിക്കുകയായിരുന്നു. ജനവിധി പരാതികളില്ലാതെ അംഗീകരിക്കുന്നുവെന്ന് പറഞ്ഞ സ്റ്റീഫന്‍ ഹാര്‍പര്‍ ജസ്റ്റിന്‍ ത്രുദോയെ അഭിനന്ദനം അറിയിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it