World

കാനഡ: കാംപസിലെ ഗാന്ധി പ്രതിമ മാറ്റണമെന്ന് ആഫ്രിക്കന്‍ വിദ്യാര്‍ഥികള്‍

ഒട്ടാവ: കനേഡിയന്‍ തലസ്ഥാനമായ ഒട്ടാവയില്‍ കാള്‍ട്ടണ്‍ സര്‍വകലാശാലാ വളപ്പിലെ മഹാത്മാഗാന്ധി പ്രതിമയ്‌ക്കെതിരേ ആഫ്രിക്കന്‍ വംശജരായ വിദ്യാര്‍ഥികളുടെ പ്രതിഷേധം. സര്‍വകലാശാലയിലെ ആഫ്രിക്കന്‍ വിദ്യാര്‍ഥികളുടെ സംഘടനയായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആഫ്രിക്കന്‍ സ്റ്റഡീസ് സ്റ്റുഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെന്നത്ത് അലിയുവിന്റെ നേതൃത്വത്തിലാണ് ഗാന്ധി പ്രതിമ നീക്കാനാവശ്യപ്പെട്ടു സമരം ആരംഭിച്ചത്. കറുത്ത വര്‍ഗക്കാര്‍ക്കെതിരായ വംശീയ നിലപാടുകള്‍ സ്വീകരിച്ച നേതാവാണ് ഗാന്ധിയെന്ന് അലിയു അഭിപ്രായപ്പെട്ടു. പ്രതിമ നീക്കണമെന്നു നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍വകലാശാലാ അധികൃതര്‍ അംഗീകരിച്ചില്ലെന്നും അദ്ദേഹം അറിയിച്ചു.
ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാര്‍ക്കു വേണ്ടി ബ്രിട്ടിഷുകാരുമായുള്ള വിലപേശലുകളില്‍ കറുത്ത വംശജര്‍ക്കെതിരായ നിലപാടുകളെ ഗാന്ധി ഉപയോഗപ്പെടുത്തിയതായി വിദ്യാര്‍ഥി നേതാക്കള്‍ പ്രതികരിച്ചു. നീഗ്രോ എന്നതിനു സമാനമായ വംശീയാധിക്ഷേപപരമായ കാപ്പിരി എന്ന പദമാണ് ഗാന്ധി ആഫ്രിക്കന്‍ വംശജര്‍ക്കെതിരേ ഉപയോഗിച്ചിരുന്നത്. 20 വര്‍ഷത്തെ ദക്ഷിണാഫ്രിക്കന്‍ ജീവിതത്തിനിടയില്‍ ഗാന്ധിയുടെ വംശീയത പലപ്പോഴും പുറത്തുവന്നിരുന്നതായും അവര്‍ പറഞ്ഞു.
2011 ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായാണ് കാംപസില്‍ പ്രതിമ അനാവരണം ചെയ്തത്. ഒട്ടാവ ആസ്ഥാനമായ മഹാത്മാഗാന്ധി പീസ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രതിമ സ്ഥാപിച്ചത്.
Next Story

RELATED STORIES

Share it