കാനം രാജേന്ദ്രന്‍ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി

മലപ്പുറം: കാനം രാജേന്ദ്രന്‍ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഐകകണ്‌ഠ്യേനയായിരുന്നു തിരഞ്ഞെടുപ്പ്. കെ ഇ ഇസ്മായില്‍പക്ഷം മുന്‍മന്ത്രി സി ദിവാകരനെ മല്‍സരത്തിന് ഇറക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം പിന്‍മാറുകയായിരുന്നു. 2015ലെ കോട്ടയം സമ്മേളനത്തിലും കാനം എതിരില്ലാതെയാണു തിരഞ്ഞെടുക്കപ്പെട്ടത്.
20ാം വയസ്സില്‍ പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയായ കാനം എഐവൈഎഫ് ദേശീയ വൈസ് പ്രസിഡന്റ്, സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി, എഐടിയുസി സംസ്ഥാന സെക്രട്ടറി, ജനറല്‍ സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗമാണ്.
പൊതുസമൂഹത്തിലെ സ്വീകാര്യതയും മുന്നണിയിലെ വിട്ടുവീഴ്ചയില്ലാത്ത ഇടതുപക്ഷ സമീപനവും ഏറ്റവും നല്ല സെക്രട്ടറി എന്ന പ്രതിച്ഛായയുമാണ് കാനത്തിന് വീണ്ടും നറുക്കു വീഴാന്‍ ഇടയാക്കിയത്. സംസ്ഥാന കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 96 പേരില്‍ 25 പേര്‍ പുതുമുഖങ്ങളാണ്. ഇടുക്കിയില്‍ നിന്ന് കാനത്തിന്റെ ശക്തനായ അനുകൂലി വാഴൂര്‍ സോമനെ തോല്‍പിച്ച ഇ എസ് ബിജിമോള്‍ എംഎല്‍എ സംസ്ഥാന കമ്മിറ്റിയില്‍ ഇടം നേടി.
Next Story

RELATED STORIES

Share it