Flash News

കാനം ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നു ; സിപിഐ സെക്രട്ടറിക്കെതിരേ എംഎല്‍എ



തൊടുപുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ എസ് രാജേന്ദ്രന്‍ എംഎല്‍എ. കാനം ഉത്തരവാദിത്തമുള്ള ഒരു പാര്‍ട്ടിയുടെ നേതാവാണ്. അത്തരത്തിലൊരു നേതാവ് ഉത്തരവാദിത്തമില്ലാതെ പെരുമാറിയാല്‍ ആ സ്ഥാനത്തിനു യോഗ്യനല്ലെന്നാണു തന്റെ അഭിപ്രായം. മൂന്നാറിലെ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തെ പരിഹസിക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറിയുടെ നിലപാട് അപഹാസ്യമാണെന്നും ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ കുറ്റപ്പെടുത്തി. മുന്നണിയെ സംബന്ധിക്കുന്ന വിഷയങ്ങള്‍ മുന്നണിക്കുള്ളില്‍ തന്നെ ചര്‍ച്ചചെയ്യേണ്ടതിനു പകരം മാധ്യമങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ചത് ശരിയായില്ല. ജില്ലയില്‍ രണ്ട് നീതിയാണ് സിപിഐയും റവന്യൂ വകുപ്പും നടപ്പാക്കുന്നത്. സിപിഐയുടെ എംഎല്‍എ ഭരിക്കുന്ന പീരുമേട്ടില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ വെട്ടുന്നതിന് അനുമതിയുണ്ട്. എന്നാ ല്‍ മൂന്നാറില്‍ അനുമതി നല്‍കുന്നില്ല. സംസ്ഥാനത്ത് പലയിടത്തും കൈയേറ്റങ്ങളുണ്ട്. എന്നാല്‍ മൂന്നാറിലെ ജനങ്ങളെ മാത്രമാണ് കൈയേറ്റക്കാരായി ചിത്രീകരിക്കുന്നത്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ കാനം രാജേന്ദ്രനും റവന്യൂ മന്ത്രിയും പങ്കെടുക്കണം. ജനങ്ങളെ സഹായിക്കാന്‍ കഴിയില്ലെങ്കില്‍ ഇരുവരും മാറിനില്‍ക്കട്ടെയെന്നും രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.സിപിഐയും റവന്യൂ വകുപ്പും മൂന്നാറില്‍ ജനവിരുദ്ധ നിലപാടുകള്‍ തുടര്‍ന്നാല്‍ 2007ല്‍ മൂന്നാര്‍ ദൗത്യത്തിന് എതിരേ ഉയര്‍ന്നുവന്നതുപോലെ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരുമെന്ന് എംഎല്‍എ പറഞ്ഞു. മൂന്നാറിലെ ഭൂപ്രശ്‌നത്തില്‍ കാനം രാജേന്ദ്രന്റെയും റവന്യൂ മന്ത്രി ചന്ദ്രശേഖരന്റെയും നിലപാട് അംഗീകരിക്കാനാവില്ല. ഇവിടത്തെ ഭൂപ്രശ്‌നങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയും നിലപാടുമുള്ള സിപിഐയുടെ പ്രാദേശിക ഘടകത്തെ തള്ളി റവന്യൂ മന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും സ്വീകരിക്കുന്ന ജനവിരുദ്ധ നിലപാടുകള്‍ തിരുത്തിയില്ലെങ്കില്‍ മൂന്നാറില്‍ വലിയ പ്രക്ഷോഭത്തിന് കളമൊരുങ്ങും. അങ്ങനെയുണ്ടായാല്‍ അതിന് ഉത്തരവാദി റവന്യൂമന്ത്രി ആയിരിക്കുമെന്നും രാജേന്ദ്രന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it