Editorial

കാത്തുസൂക്ഷിക്കെപ്പടേണ്ട കേരളത്തിന്റെ ഐക്യം



പല യാത്രകള്‍ കണ്ടുമടുത്ത മലയാളികള്‍ പുതിയൊരു രക്ഷായാത്രയുടെ ഭീഷണിയിലാണ്. അവനവന്റെ കണ്ണിലെ കോല്‍ കാണാതെ അന്യന്റെ കണ്ണിലെ കരടിനെ കുറ്റം പറയുന്ന ദുഷ്പ്രചാരണത്തിനാണ് വടക്കന്‍ ഗോസായിമാര്‍ ഒന്നടങ്കം കേരളമണ്ണിലേക്കു പറന്നിറങ്ങിയിരിക്കുന്നത്. യഥാര്‍ഥത്തില്‍ ചുടുനിണം ഒഴുകിക്കൊണ്ടിരിക്കുന്ന, സംഘര്‍ഷങ്ങളുടെയും സംഘട്ടനങ്ങളുടെയും ദലിത്-മുസ്‌ലിം കൂട്ടക്കുരുതികളുടെയും നാട്ടില്‍ നിന്നു ചോര പുരണ്ട കൈകളുമായിട്ടാണ് അവര്‍ ഇരകളുടെ ഭാഗം അഭിനയിക്കുന്നത്. കുത്തക മീഡിയകളുടെ സഹായത്തോടെ കേരളത്തിനെതിരേ പ്രസംഗിച്ച് ബിജെപിയുടെ ദേശീയ പ്രസിഡന്റ് തന്നെ കൊട്ടുകുരവകളോടെ ഇറങ്ങിനടന്നിട്ടും കേരളം കുലുങ്ങുന്നില്ല. എന്നു മാത്രമല്ല, ജനരക്ഷായാത്രയല്ല, ജനശിക്ഷായാത്രയാണിതെന്നു മനസ്സിലാക്കി അര്‍ഹിക്കുന്ന അവജ്ഞയോടെ കേരള ജനത യാത്രയെ അവഗണിക്കുകയാണ്. വെറുതെ എന്തിനു സമയം കളയുന്നുവെന്നു കരുതിയാവണം അമിത്ഷാ മാര്‍ച്ചില്‍ നിന്നു തല്‍ക്കാലം പിന്‍മാറി സ്ഥലംവിടുകയും ചെയ്തു. കള്ളനോട്ടടി കേസിന്റെയും മെഡിക്കല്‍ കോഴ, ഹവാല കേസുകളുടെയും പശ്ചാത്തലത്തില്‍ ബിജെപിക്കുള്ളില്‍ ഉടലെടുത്ത പടലപിണക്കങ്ങള്‍ മൂലം പല പ്രാവശ്യം മാറ്റിവയ്‌ക്കേണ്ടിവന്ന യാത്രയാണ് നനഞ്ഞ ഓലപ്പടക്കം കണക്കെ ചേതനയറ്റു നിലയ്ക്കുന്നത്. ബിജെപിയുടെ ജനരക്ഷായാത്രയോട് കേരളം കാണിച്ച അടിയുറച്ച പ്രതികരണം ആശാവഹമാണ്. ഫാഷിസത്തിന്റെ തുറന്ന വരവ് യഥാവിധി മനസ്സിലാക്കുകയും സമസ്ത അഭിപ്രായവ്യത്യാസങ്ങളും മറന്ന് അതിനെ എതിര്‍ക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യാന്‍ മലയാളമണ്ണ് കാണിക്കുന്ന പ്രബുദ്ധതയാണ് അഭിനന്ദനാര്‍ഹമായിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഇത്തരം ഉമ്മാക്കികള്‍ക്കു മുമ്പില്‍ വിറങ്ങലിച്ചു വീഴുന്നവരല്ല കേരളീയരെന്നും നിങ്ങള്‍ക്ക് ഈ നാടിനെ മനസ്സിലായിട്ടില്ലെന്നും തുറന്നുപറഞ്ഞു. ബിജെപിയില്‍ നിന്ന് ഒരു സമാധാനപാഠവും കേരളത്തിനു പഠിക്കാനില്ലെന്നും അവര്‍ ശേഖരിച്ചുവച്ച പണത്തിന്റെയും ആയുധങ്ങളുടെയും മുമ്പില്‍ മുട്ടുമടക്കുന്നവരല്ല കേരളീയരെന്നും ഈ നാടിന്റെ ആത്മാഭിമാനം ചോദ്യം ചെയ്യുന്നതിനെ നേരിടാന്‍ രാഷ്ട്രീയ ശത്രുക്കളടക്കം ഒന്നിച്ചുണ്ടാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതേ ഭാഷയില്‍ തന്നെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചത്. കേരളം കലാപഭൂമിയാക്കാനുള്ള നീക്കങ്ങളെ ചെറുത്തുതോല്‍പിക്കാന്‍ പ്രതിപക്ഷ കക്ഷികളും പ്രതിജ്ഞാബദ്ധമാെണന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാട് നേരിടുന്ന മഹാമാരിക്കെതിരേ ഒത്തൊരുമയോടെ പ്രതിരോധ മതില്‍ തീര്‍ക്കാനുള്ള ഈ സന്നദ്ധത തന്നെയാണ് വടക്കേ ഇന്ത്യയിലെങ്ങും അസ്വാസ്ഥ്യം വിതച്ച് അധികാരം കൊയ്യുന്ന സൃഗാലസൂത്രജ്ഞനായ അമിത്ഷാക്കും കിങ്കരന്മാര്‍ക്കും തടസ്സമാവുന്നത്. അതുകൊണ്ട് ഫാഷിസ്റ്റ് വിരുദ്ധതയുടെ ഒരുമയില്‍ അഭിമാനിക്കുക നാം. അതോടൊപ്പം ആരെയും ഈ ജനകീയ ഐക്യമുന്നണിയില്‍ നിന്ന് അകറ്റിനിര്‍ത്താതിരിക്കുകയും ചെയ്യുക.
Next Story

RELATED STORIES

Share it