Flash News

കാത്തിരിപ്പിന് വിരാമം; ജോസ് ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

കാത്തിരിപ്പിന് വിരാമം; ജോസ് ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
X


ദമ്മാം: നിയമക്കുരുക്കുകള്‍ കാരണം അഞ്ച് മാസം ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച തൃശൂര്‍ കുരിയച്ചിറ സ്വദേശി ചിറയത്ത് ജോസ് ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് കുരിയച്ചിറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. കൊച്ചിയിലേക്കുള്ള വിമാനത്തില്‍ നിയമ നടപടികള്‍ക്ക് നേതൃത്വം നല്‍കിയ ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസ് വക്കവും അനുഗമിച്ചു. 2017 ഒക്ടോബര്‍ 26നാണ് ബാബു ഖത്വീഫിലെ താമസ സ്ഥലത്ത് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് കുടുംബത്തിന്റെ അനുമതിയോടെ അവയവദാനം നടത്തുകയും ചെയ്തു. എന്നാല്‍ തലയിലെ ആഴത്തിലെ പരുക്കില്‍ സംശയം ജനിക്കുകയും മൃതദേഹം നാട്ടിലയക്കുന്നത് വൈകുകയുമായിരുന്നു. തുടര്‍ന്ന് പ്രത്യേക പോലിസ് സംഘം വിശദമായി അന്വേഷിച്ചെങ്കിലും ദുരൂഹതയൊന്നും കണ്ടെത്താനായില്ല. ഇതന്റെ ഭാഗമായി കൂടെ താമസിച്ചവരെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തിരുന്നു. ഒരാഴ്ച മുമ്പ് അന്വേഷണം പൂര്‍ത്തിയായതോടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിന് അധികൃതരുടെ അനുമതി ലഭിക്കുകയായിരുന്നു. നേരത്തെ സൗദിയിലുണ്ടായിരുന്ന ജോസ് ബാബു മരിക്കുന്നതിന് ഒരു മാസം മുമ്പാണ് പുതിയ വസയില്‍ വീട്ടു ഡ്രൈവറായി ഖത്വീഫില്‍ എത്തിയത്. അവയവദാനത്തിന് സര്‍ക്കാര്‍ നല്‍കുന്ന പാരിതോഷികമായ അര ലക്ഷം റിയാലിന്റെ ചെക്ക് നാസ് വക്കം നാട്ടിലെത്തി ബാബുവിന്റെ സഹോദരി ഉഷ ഫ്രാന്‍സിസിന് കൈമാറി. ഭാര്യ മേരി ഷറിന്‍. മകള്‍ ദിയ ബി റോസ്‌ലിന്‍.
Next Story

RELATED STORIES

Share it