kozhikode local

കാത്തിരിപ്പിന് അറുതി; സഹായവുമായി ഭരണകൂടം



കൊടുവളളി: ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം താജുന്നിസയ്ക്കും അബിജാതിനും സഹായമായി ലീഗല്‍ ഗ്വാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. ജില്ലാ കലക്ടര്‍ യു വി ജോസിന്റെ നേതൃത്വത്തില്‍ സംഘം കൊടുവള്ളി ഫീനിക്‌സ് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറില്‍ നടത്തിയ ഭിന്നശേഷിക്കാര്‍ക്കുള്ള കൈയ്യെത്തും ദൂരത്ത് പരിപാടിയിലാണ് താമരശ്ശേരി താലൂക്കിലെ 123 കുട്ടികള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനും ലീഗല്‍  ഗ്വാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിനുമുള്ള നടപടിയായത്. 15കാരനായ അഭിജാത് ഓട്ടിസം, സെറിബ്രല്‍ പാഴ്‌സി, ഫിറ്റ്‌സ് അസുഖങ്ങള്‍ മൂലം ബുദ്ധിമുട്ടിലായിരുന്നു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് പല കാര്യങ്ങള്‍ക്കും തടസമായിരുന്നു. ഓട്ടോ ഡ്രൈവറായ അച്ഛന്‍ സുഭാഷാണ് മരുന്നിനുള്ള ചെലവുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നോക്കിയിരുന്നത്.         കരുമല പൂവത്തുംകണ്ടി വീട്ടിലും ആശുപത്രിയിലുമായാണ് അഭിജാത് തന്റെ സമയം മുഴുവന്‍ ചെലവഴിക്കുന്നത്. നടക്കാനും സംസാരിക്കാനുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയാത്തതിനാല്‍ കുടുംബം ഏറെ ബുദ്ധിമുട്ടിലായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലോടെ കാര്യങ്ങള്‍ക്കെല്ലാം പരിഹാരമായെന്ന് അഭിജാതിന്റെ അമ്മ ഷിജി പറയുന്നു. പുതുപ്പാടി മണല്‍വയല്‍ സ്വദേശി പുലിവലത്തില്‍ വീട്ടില്‍ താജുന്നിസയ്ക്കും ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമായി ലീഗല്‍ ഗ്വാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിനുള്ള നടപടിയായി. 26 കാരിയായ താജുന്നിസ 60 ശതമാനം ശാരീരിക വിഷമതകളുള്ള ആളാണ്. കൈതപ്പൊയില്‍ ഹദിയ സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് താജുന്നിസ. ഉണ്ണിമോയ്- ആയിഷ ദമ്പതികളുടെ മകളാണ്. താമരശ്ശേരിയില്‍ നടന്ന കൈയ്യെത്തും ദൂരത്ത് പരിപാടിയില്‍ 118 കേസുകള്‍ പരിഗണിച്ചു.  8ന് കൊയിലാണ്ടിയിലും 9ന് കോഴിക്കോട്ടും 13നും 21നും വടകരയിലും 20ന് ഫറോക്കിലും പരിപാടി നടക്കും. അസിസ്റ്റര്‍ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, എല്‍ എല്‍ സി പിഡബ്ല്യുഡി അംഗം ഡോ പി ഡി ബെന്നി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ്, ഡെപ്യൂട്ടി ഡി എം ഒ ഡോ എംപി  ജീജ, എന്‍ ജി ഒ കണ്‍വീനര്‍ പ്രഫ സി കെ ഹരീന്ദ്രനാഥ്, ഡോ റോഷന്‍ ബിജ്‌ലി പങ്കെടുത്തു.
Next Story

RELATED STORIES

Share it