Alappuzha local

കാത്തിരിപ്പിനൊടുവില്‍ കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാവുന്നു



ആലപ്പുഴ: ആലപ്പുഴ നഗരത്തിലെയും സമീപത്തെ എട്ട് പഞ്ചായത്തുകളിലെയും ജനങ്ങള്‍ എട്ടു വര്‍ഷമായി പ്രതീക്ഷയോടെ കാത്തിരുന്ന ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നാളെ  വൈകുന്നേരം നാലിന് ആലപ്പുഴ ടൗണ്‍ ഹാള്‍ അങ്കണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജലവിഭവ വകുപ്പുമന്ത്രി മാത്യു ടി തോമസ് ആധ്യക്ഷ്യം വഹിക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി ജി സുധാകരന്‍, ധനകയര്‍ വകുപ്പുമന്ത്രി ഡോ. ടി എം തോമസ് ഐസക്, മന്ത്രി കെ ടി ജലീല്‍, കെ സി വേണുഗോപാല്‍ എംപി  മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് ഉപഹാരം സമര്‍പ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, ജലവിഭവ വകുപ്പുസെക്രട്ടറി ടിങ്കു ബിസ്വാള്‍, കെഎസ്‌യുഡിപി പ്രോജക്ട് ഡയറക്ടര്‍ പി എസ് മുഹമ്മദ് സാഗിര്‍, ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന്‍, ജല അതോറിട്ടി മാനേജിങ് ഡയറക്ടര്‍ എ ഷൈനാമോള്‍, ജലഅതോറിട്ടി ടെക്‌നിക്കല്‍ മെമ്പര്‍ ടി രവീന്ദ്രന്‍,  മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ബീന കൊച്ചുബാവ, നഗരസഭാംഗങ്ങള്‍, വാട്ടര്‍ അതോറിട്ടി മധ്യമേഖല ചീഫ് എന്‍ജിനിയര്‍ എച്ച് ജലാലുദ്ദീന്‍ സംസാരിക്കും.ആലപ്പുഴ നഗരത്തില്‍ അധിവസിക്കുന്ന 1,77,000 പേര്‍ക്കും സമീപ പഞ്ചായത്തുകളായ പുറക്കാട്, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക,് പുന്നപ്ര വടക്ക,് ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, എന്നീ പഞ്ചായത്തുകളിലായി അധിവസിക്കുന്ന 2,60,000 പേര്‍ക്കും ശുദ്ധമായ കുടിവെള്ളം എത്തിക്കുന്ന ബൃഹദ് പദ്ധതിയാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്. 193.83 കോടി രൂപയാണ് മൊത്തം പദ്ധതി തുക. 2008ലാണ് ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത്. പദ്ധതിയുടെ തുടക്കത്തില്‍തന്നെ 28.8 കോടി രൂപ ചെലവില്‍ കരുമാടിയില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയായിരുന്നു. ദിനംപ്രതി 620 ലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ സജ്ജമായ പ്ലാന്റാണ് ഇവിടെ നിര്‍മിച്ചിരിക്കുന്നത്. തുടക്കത്തില്‍ 90 കോടി രൂപയായിരുന്ന പദ്ധതിയുടെ അടങ്ങുല്‍തുക. പിന്നീട് 192 കോടി രൂപയായി വര്‍ധിപ്പിച്ചു. പദ്ധതിയുടെ 80 ശതമാനം തുക കേന്ദ്രസര്‍ക്കാരും ബാക്കിയുള്ളതില്‍ 10 ശതമാനം വീതം സംസ്ഥാന സര്‍ക്കാരും നഗരസഭയും വഹിക്കണമെന്നായിരുന്നു തീരുമാനം.2011 ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയതായി കുടിവെള്ളം വിതരണം ചെയ്യുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം.പദ്ധതി വൈകിയതോടെ 2013 സെപ്റ്റംബറിന് മുന്‍പ് പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.എന്നാല്‍ പല വിധ കാരണങ്ങളാല്‍ എട്ടു വര്‍ഷത്തിനു ശേഷമാണ് കടുത്ത ശുദ്ധജല ദൗര്‍ലഭ്യവും തന്മൂലമുള്ള പകര്‍ച്ചാ വ്യാധി ഭീഷണിയും അനുഭവിച്ചു വന്നിരുന്ന ആലപ്പുഴയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്.
Next Story

RELATED STORIES

Share it