wayanad local

കാത്തിരിപ്പിനൊടുവില്‍ സിനിക്കും ആധാര്‍ കാര്‍ഡ്

മാനന്തവാടി: ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കാനുള്ള ആനൂകൂല്യങ്ങളെല്ലാം ആധാര്‍ കാര്‍ഡിന്റെ അഭാവത്തില്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ രണ്ടുവര്‍ഷമായുള്ള സിനിയുടെ കാത്തിരിപ്പ് ഫലംകണ്ടു. മാനന്തവാടി ഗ്യാസ് റോഡില്‍ പാടശ്ശേരി ജോസിന്റെയും ലീലയുടെയും മകളാണ് സിനി. ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് 80 ശതമാനത്തോളം വൈകല്യമുള്ള സിനിയുമായി സഹോദരന്‍ സിബി അക്ഷയ കേന്ദ്രത്തിലെത്തിയത്.
എന്നാല്‍, കണ്ണിന്റെ ചലനങ്ങള്‍ ശരിയായ രീതിയില്‍ അല്ലാത്തതും വിരലടയാളം പതിക്കാനും കഴിയാത്തതിനാല്‍ സിനിയുടെ അപേക്ഷ നിരസിച്ചു. സര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് ലഭിക്കുന്നതിനും പിതാവിന്റെ സ്വത്ത് ലഭിക്കുന്നതിനുമെല്ലാം ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതോടെ ഈ കുടുംബം വീണ്ടും അക്ഷയ കേന്ദ്രത്തിലെത്തിയെങ്കിലും വീണ്ടും അപേക്ഷ നിരസിക്കപ്പെട്ടു. ജില്ലാ കലക്ടര്‍ക്ക് വരെ നിവേദനം നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇതേത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂണില്‍ സിബി ബംഗളൂരുവിലെ പ്രധാനമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് അപേക്ഷ അയച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സിനിക്ക് ആധാര്‍ കാര്‍ഡ് ലഭിച്ചത്.
പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് മാനന്തവാടി ഐസിഡിഎസ് യൂനിറ്റിന്റെ സഹായത്തോടെ അക്ഷയകേന്ദ്രത്തിലെ ജീവനക്കാര്‍ കുടി സാക്ഷ്യപ്പെടുത്തിയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. 80 ശതമാനം അംഗവൈകല്യമുള്ള 34കാരിയായ സിനി കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ട് രേഖപ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it