കാത്തിരിപ്പിനു വിരാമം; സൗദിയില്‍പുതിയ അംബാസഡര്‍ എത്തി

റഷീദ് ഖാസിമി

റിയാദ്: നീണ്ട 10 മാസത്തെ കാത്തിരിപ്പിനു ശേഷം സൗദിയിലെ ഇന്ത്യന്‍ എംബസിക്ക് അമരക്കാരനെത്തി. മുംബൈ പോലിസ് കമ്മീഷണറായിരുന്ന അഹ്മദ് ജാവേദ് ഐപിഎസാണ് പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇന്നലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ അഹ്മദ് ജാവേദിനെ സൗദി വിദേശകാര്യ മന്ത്രാലയത്തിലെയും ഇന്ത്യന്‍ എംബസിയിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ചേര്‍ന്നു സ്വീകരിച്ചു.
സൗദി മുന്‍ സ്ഥാനപതിയായിരുന്ന ഹാമിദ് അലി റാവു 2015 ഏപ്രിലില്‍ സ്ഥാനമൊഴിഞ്ഞശേഷം പകരം അംബാസഡറെ നിയമിച്ചിരുന്നില്ല. ഡിസിഎം ഹേമന്ത് കൊടല്‍വാറിനായിരുന്നു അംബാസഡറുടെ അധികച്ചുമതല. തുടര്‍ന്ന് 2015 ഡിസംബര്‍ 12ന് മുംബൈ കമ്മീഷണറായിരുന്ന അഹ്മദ് ജാവേദിനെ സൗദിയിലെ നയതന്ത്ര ഉദ്യോഗസ്ഥനായി നിയമിക്കുകയായിരുന്നു. ജനുവരി 31നാണ് മുംബൈയിലെ സേവനം ഔദ്യോഗികമായി അവസാനിപ്പിച്ചത്.
1956 ജനുവരി രണ്ടിന് യുപിയിലെ ലഖ്‌നോവില്‍ ജനിച്ച അഹ്മദ് ജാവേദിന്റെ പിതാവ് റിട്ട. സീനിയര്‍ ഐപിഎസ് ഓഫിസറായ ഖാസി മുഖ്തറാണ്. ഡല്‍ഹി സെന്റ്. സ്റ്റീഫന്‍സ് കോളജിലായിരുന്നു ബിരുദപഠനം. ഭാര്യ ഷബ്‌നം. അമര്‍, സാറ മക്കളാണ്. രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച ഷീന ബോറ വധക്കേസ് അന്വേഷിച്ചിരുന്ന മുംബൈ പോലിസ് കമ്മീഷണര്‍ രാഗേഷ് മരിയയെ ചുമതലയില്‍ നിന്നു മാറ്റിയാണ് 2015 സപ്തംബറില്‍ 1980 ഐപിഎസ് ബാച്ചുകാരനായ അഹ്മദ് ജാവേദിനെ കമ്മീഷണറായി നിയോഗിച്ചത്. സുപ്രിംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് ബെസ്റ്റ് ബേക്കറി കേസ് ഗുജറാത്തിന് പുറത്തേക്കു മാറ്റിയപ്പോള്‍ സാക്ഷികളുടെ സുരക്ഷാ ചുമതല ഇദ്ദേഹത്തിനായിരുന്നു.
മുമ്പ് മുംബൈ ഇന്റലിജന്‍സ് വിഭാഗം ഡപ്യൂട്ടി കമ്മീഷണറായി സേവനം അനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം ബുല്‍ദാന, നന്ദേഡ് എന്നിവിടങ്ങളില്‍ എസ്പിയായും ജോലി ചെയ്തിട്ടുണ്ട്. 1983-85 കാലങ്ങളില്‍ ഡല്‍ഹി പോലിസില്‍ നിര്‍ണായക സാന്നിധ്യം വഹിച്ച ജാവേദ് മുംബൈ അഡീഷനല്‍ കമ്മീഷണര്‍, മുംബൈ ലോ ആന്റ് ഓര്‍ഡര്‍ ജോ. കമ്മീഷണര്‍, എഡിജിപി, സ്‌റ്റേറ്റ് റിസര്‍വ് പോലിസ്, മഹാരാഷ്ട്ര പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍, നവി മുംബൈയില്‍ പോലിസ് കമ്മീഷണര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ സ്ഥാനപതിയായി നിയോഗിക്കപ്പെടുന്ന നാലാമത്തെ ഐപിഎസ് ഉദ്യോഗസ്ഥനാണ് അഹ്മദ് ജാവേദ്. മുന്‍ മുംബൈ പോലിസ് കമ്മീഷണറായിരുന്ന ജുലിയോ റിബൈറോയെ മുമ്പ് റൊമാനിയയിലെ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിച്ചിരുന്നു.
Next Story

RELATED STORIES

Share it