thrissur local

കാത്തലിക് സിറിയന്‍ ബാങ്കിലെ സമരം ശക്തമാവുന്നു; ബഹുജന മാര്‍ച്ച് നാളെ

തൃശൂര്‍: കാത്തലിക് സിറിയന്‍ ബാങ്ക് 82 പ്രബേഷനറി ഓഫിസര്‍മാരെ പിരിച്ചു വിടുന്നതിനെതിരേയും ബാങ്കിനെ വിദേശ ശക്തികള്‍ക്ക് വില്‍ക്കുന്നതിനതെരേയും സമര സഹായ സമിതി പ്രതിഷേധം ശക്തമാക്കുന്നു.
കാത്തലിക് സിറിയന്‍ ബാങ്കിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാളെ രാവിലെ പത്തിന് കൗസ്തുഭം ഹാളില്‍ നടക്കുന്ന ജനറല്‍ ബോഡിയോഗത്തിലേക്ക് സമിതിയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് നടത്തും. തൃശൂര്‍ സിഎംഎസ് സ്‌കൂള്‍ പരിസരത്തു നിന്നും മാര്‍ച്ചാരംഭിക്കും.
94 വര്‍ഷവും ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബാങ്ക് 2015ല്‍ 53 കോടി രൂപയുടെയും 2016ല്‍ 149 കോടി രൂപയുടെയും നഷ്ടം രേഖപ്പെടുത്തിയിരുന്നു. പിന്നീട് 2017ല്‍ ഒന്നരകോടിയുടെ ലാഭം കാണിക്കുകയും ചെയ്ത ബാങ്കിന്റെ കണക്കെഴുത്തില്‍ റിസര്‍വ് ബാങ്ക് സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.
60 വയസിനു മുകളിലുള്ള 17 ജനറല്‍ മനെജര്‍മാരെയും പുതുതായി നിയമിച്ചിട്ടുണ്ട്.
എന്നാല്‍ സ്ഥിരനിയമനം വാഗ്ദാനം ചെയ്ത് രണ്ടു വര്‍ഷം തുച്ഛവേതനത്തില്‍ ജോലി ചെയ്ത 82 ഓഫീസര്‍മാരെ പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കിയത് നിയമവിരുദ്ധമാണെന്ന് സമര സമിതി ഭാരവാഹികള്‍ വ്യക്തമാക്കി. ബാങ്കിന്റെ 51 ശതമാനം ഓഹരികള്‍ കനേഡിയന്‍ കമ്പനിയായ ഫെയര്‍ ഫാക്‌സിങ് കുറഞ്ഞവിലയ്ക്ക് നല്‍കാന്‍ തയ്യാറായത് പ്രതിഷേധാര്‍ഹമാണ്. ഈ നീക്കത്തിന് അംഗീകാരം നേടാന്‍ വേണ്ടിയാണ് ഓഹരി ഉടമകളുടെ അസാധാരണ ജനറല്‍ ബോഡി നടത്തുന്നതെന്നും സംഘാടകര്‍ വ്യക്തമാക്കി.
സിഐടിയു സംസ്ഥാന സെക്രട്ടറി എം.എം.വര്‍ഗീസ്, സമരസഹായ സമിതി ചെയര്‍മാന്‍ സുന്ദരന്‍ കുന്നത്തുള്ളി, ബെഫി സംസ്ഥാന പ്രസിഡന്റ് ടി.നരേന്ദ്രന്‍, എച്ച്എംഎസ് സംസ്ഥാന സെക്രട്ടറി പി. വിജയകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it