Kollam Local

കാതലായ പ്രശ്‌നങ്ങള്‍ക്ക് യോജിച്ച നിലപാട് വേണമെന്ന് ആദ്യ കൗണ്‍സിലില്‍ മേയര്‍

കൊല്ലം: കോര്‍പറേഷന്‍ അഭിമുഖീകരിക്കുന്ന കാതലായ പ്രശ്‌നങ്ങള്‍ക്ക് യോജിച്ച നിലപാട് വേണമെന്നും ആദ്യ കൗണ്‍സിലില്‍ മേയര്‍ അഡ്വ. വി രാജേന്ദ്രബാബു. ആദ്യ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പൊതുചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അഡ്വ. രാജേന്ദ്രബാബു. എസ്ഡിപിഐ അംഗം നിസാറാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഡിവിഷനുകളിലെ തെരുവ് വിളക്കുകളുടെ സ്ഥിതി ശോചനീയമാണെന്ന് അംഗം പറഞ്ഞു. മഞ്ഞപ്പിത്തം തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ അടിയന്തിര നടപടി വേണമെന്നും അംഗം ആവശ്യപ്പെട്ടു. ഡിസംബര്‍ ഒന്ന് മുതല്‍ കോര്‍പറേഷന്‍ ഡിവിഷനുകളിലെ തെരുവ് വിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് മേയര്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. കപ്പലണ്ടിമുക്ക് മുതല്‍ സോഡിയം വേപ്പര്‍ ലാമ്പുകള്‍ മാറ്റിയിടുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാലിന്യപ്രശ്‌നത്തിന് അടിയന്തിര നടപടി വേണമെന്ന് കോണ്‍ഗ്രസ് കക്ഷിനേതാവ് എ കെ ഹഫീസ് ആവശ്യപ്പെട്ടു. സ്വിവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പ്രാവര്‍ത്തികമാകുമോ എന്ന സംശയവും ഹഫീസ് പ്രകടിപ്പിച്ചു.
തൃക്കടവൂര്‍ പഞ്ചായത്തിലെ പ്രശ്‌നങ്ങള്‍ കൗണ്‍സിലിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത് ആര്‍എസ്പിയിലെ എംഎസ് ഗോപകുമാറാണ്. കൂട്ടിച്ചേര്‍ക്കപ്പെട്ട പഞ്ചായത്തിലെ ജനങ്ങള്‍ ആശങ്കാകുലരാണ്. ജനന-മരണ രജിസ്‌ട്രേഷനും തടസ്സപ്പെട്ടിരിക്കുകയാണ് പഞ്ചായത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട സ്ഥിതിയാണുള്ളതെന്ന് കോണ്‍ഗ്രസ് അംഗം ബി അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. കൂട്ടിച്ചേര്‍ത്ത പ്രദേശത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മേയര്‍ അറിയിച്ചു. ജനന-മരണ രജിസ്‌ട്രേഷനെച്ചൊല്ലി ഉയര്‍ന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.
ആശ്രാമം മൈതാനം വിവാഹാവശ്യങ്ങള്‍ക്ക് നല്‍കുന്ന ജില്ലാ ഭരണകൂടത്തിന്റെ നടപടിയെ സിപിഐ അംഗം ഹണി അപലപിച്ചു. അവിടെ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള ഉത്തരവാദിത്തം കോര്‍പറേഷന് മേലാണ് വന്നുചേരുന്നത്. ഇതിന് അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്ന് അംഗം ആവശ്യപ്പെട്ടു. ആശ്രാമം മൈതാനിയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന്റെ ബാധ്യത ജില്ലാ ഭരണകൂടം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസ്സാക്കി ഇക്കാര്യം ഗവണ്മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മേയര്‍ ഉറപ്പുനല്‍കി. ടികെഎം എന്‍ജിനീയറിംഗ് കോളജിന് സമീപമുള്ള ഹോസ്റ്റലുകളില്‍ മഞ്ഞപ്പിത്തബാധ വ്യാപകമായത് പ്രദേശവാസികളില്‍ ആശങ്ക സൃഷ്ടിക്കുന്നതായി സിപിഎം അംഗം എസ് ഗീതാകുമാരി ചൂണ്ടിക്കാട്ടി. കോര്‍പ്പറേഷന്‍ ഹെല്‍ത്ത് വിഭാഗം അടിയന്തിരമായി ഇടപെടണമെന്നും അംഗം ആവശ്യപ്പെട്ടു. കുരീപ്പുഴ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കാനുള്ള ആര്‍ജവം എല്ലാ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് സിപിഎമ്മിലെ എം നൗഷാദ് ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പൊലീസ് സംരക്ഷണം നല്‍കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്നും അംഗം കുറ്റപ്പെടുത്തി.
സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് കുരീപ്പുഴയില്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണമെന്ന് മേയര്‍ വ്യക്തമാക്കി. വികേന്ദ്രീകൃത, ഉറവിട മാലിന്യസംസ്‌കരണം ഊര്‍ജിതമാക്കുന്നതിനൊപ്പം കുരീപ്പുഴ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകുമെന്നും മേയര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it