kannur local

കാണാതായ സഹതൊഴിലാളിയുടെ ഫോണ്‍ മോഷ്ടിച്ച അസം സ്വദേശി അറസ്റ്റില്‍

ഇരിക്കൂര്‍: പടിയൂര്‍ പഞ്ചായത്തിലെ ഊരത്തൂര്‍ ഗവ. പിഎച്ച്‌സിക്ക് സമീപത്തെ പറമ്പില്‍നിന്ന് ഒന്നരമാസം മുമ്പ് മനുഷ്യന്റെ തലയോട്ടിയും ശരീരാവയങ്ങളും വസ്ത്രങ്ങളും കണ്ടെടുത്ത സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. അതേ കാലയളവില്‍ പ്രദേശത്തുനിന്ന് കാണാതായ ഇതരസംസ്ഥാന തൊഴിലാളിയുടെ മൊബൈല്‍ ഫോണും പണവും കവര്‍ന്ന കേസില്‍ അസം സ്വദേശി അറസ്റ്റില്‍.
ലോവര്‍ അസം ഡിവിഷനിലെ ബെര്‍പേട്ട ജില്ലക്കാരനായ സാദിഖലി(19)യെയാണ് സൈബര്‍ സെല്‍ മുഖേന ഇരിക്കൂര്‍ എസ്‌ഐ രജീഷും സംഘവും ബെര്‍പേട്ടയിലെ മാര്‍ക്കറ്റില്‍വച്ച് കസ്റ്റഡിയിലെടുത്തത്. ഊരത്തൂര്‍ പിഎച്ച്‌സിക്കടുത്ത വാടകമുറിയില്‍ താമസിച്ചിരുന്ന അസം സ്വദേശി സയ്യിദലി (20)യെ ആറുമാസം മുമ്പ് കാണാതായിരുന്നു. ഇയാള്‍ക്കൊപ്പം താമസിക്കവെയാണ് പ്രതി മൊബൈല്‍ ഫോണും പണവും മോഷ്ടിച്ചത്. സംഭവം കൊലപാതകമാവാമെന്നും മൃതദേഹാവശിഷ്ടങ്ങള്‍ സയ്യിദലിയുടേതാവാമെന്നുമാണ് നിഗമനം. തലയോട്ടി കണ്ടെത്തിയ പശ്ചാത്തലത്തില്‍, ഊരത്തൂര്‍ മേഖലയില്‍നിന്ന് അപ്രത്യക്ഷമായവരുടെ പേരുവിവരങ്ങള്‍ പോലിസ് ശേഖരിച്ചിരുന്നു.
അപ്പോഴാണ് സയ്യിദലിയുടെ തിരോധാനം ശ്രദ്ധയില്‍പ്പെട്ടത്. ആലുവയില്‍ സ്വര്‍ണപ്പണി ചെയ്തുവന്നിരുന്ന സാദിഖലി പുതിയൊരു ജോലി തേടിയാണ് ഊരത്തൂരിലെത്തിയത്. ഇവിടെ ചെങ്കല്‍ക്വാറിയില്‍ ജോലി ചെയ്തുവരുന്ന ബന്ധു സയ്യിദലിയെ പരിചയപ്പെടുത്തി. ഇയാള്‍ക്കൊപ്പം താമസസൗകര്യം ഒരുക്കുകയും ചെയ്തു. കുറച്ചുദിവസം ഇവിടെ താമസിച്ച സാദിഖലി ആലുവയിലേക്ക് മടങ്ങി. വസ്ത്രങ്ങളും മറ്റും എടുക്കാനെന്ന പേരില്‍ രണ്ടുദിവസത്തിനു ശേഷം വീണ്ടും ഊരത്തൂരിലെത്തി സയ്യിദലിയുടെ മൊബൈല്‍ ഫോണും പണവും അപഹരിച്ച ശേഷം മുങ്ങി. പിന്നീട് സയ്യിദലിയുടെ തിരോധാനത്തെക്കുറിച്ച് പോലിസ് അന്വേഷണം നടക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ ഇയാള്‍ നാട്ടിലേക്ക് കടന്നുകളഞ്ഞു. എന്നാല്‍, സയ്യിദലി അസമിലുണ്ടാവുമെന്ന് കരുതിയാണ് താന്‍ മൊബൈലുമായി നാട്ടിലേക്ക് പോയതെന്നും പിന്നീട് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നുമാണ് പ്രതി നല്‍കിയ മൊഴി. എന്നാലിത് പോലിസ് വിശ്വസിച്ചിട്ടില്ല.
സയ്യിദലിയുടെ മൊബൈല്‍ ഫോണാണ് പ്രതി നാട്ടില്‍ ഉപയോഗിച്ചിരുന്നത്. ഇതാണ് അന്വേഷണത്തില്‍ വഴിത്തിരിവായതും. ഇക്കഴിഞ്ഞ ഫെബ്രുവരി 24നാണ് ഊരത്തൂര്‍ പിഎച്ച്‌സിക്ക് സമീപത്തെ കുടിവെള്ള വിതരണ പദ്ധതി പ്രദേശത്തിനു മുന്നിലെ ആളൊഴിഞ്ഞ പ്രദേശത്തുനിന്ന് തലയോട്ടി കണ്ടെത്തിയത്. എസ്‌ഐ രതീഷ് തെരുവത്തുപറമ്പ്, ഉളിക്കല്‍ എസ്‌ഐ ശിവന്‍ ചോടോത്ത് എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സംഘമെത്തി തലയോട്ടി വിദഗ്ധ പരിശോധനയ്ക്കായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ചെങ്കല്‍ക്വാറിയില്‍ നടത്തിയ പരിശോധനയില്‍ കീഴ്ത്താടിയെല്ലുകളും പല്ലുകളും ബനിയനും ലുങ്കിയും കിട്ടി. തലയോട്ടി സ്ത്രീയുടേതും കീഴ്ത്താടിയെല്ലും പല്ലുകളും പുരുഷന്റേതുമാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
കൂടുതല്‍ വ്യക്തതയ്ക്കായി തിരുവനന്തപുരത്തെ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചെങ്കിലും ഡിഎന്‍എ പരിശോധന നടത്തേണ്ടതുണ്ടെന്ന് ലാബ് അധികൃതര്‍ അറിയിച്ചു. പുതിയ സാഹചര്യത്തില്‍ സയ്യിദലിയുടെ മാതാപിതാക്കളുടെ ഡിഎന്‍എ സാംപിള്‍ ശേഖരിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു. മനുഷ്യന്റെ തലയോട്ടിയും ശരീരാവയവങ്ങളും ലഭിച്ച വാര്‍ത്തയെ തുടര്‍ന്ന് നേരത്തെ സയ്യിദലിയുടെ ബന്ധുക്കള്‍ ഇരിക്കൂര്‍ പോലിസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. സംഭവത്തിന്റെ ചുരുളഴിക്കാനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം.
Next Story

RELATED STORIES

Share it