Kottayam Local

കാണാതായ വൃദ്ധനെ ഫേസ്ബുക്കിന്റ സഹായത്തോടെ കണ്ടെത്തി

നെടുംകുന്നം: ഓര്‍മ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കാണാതായ വൃദ്ധനെ ഫേസ്ബുക്കിന്റ സഹായത്തോടെ കണ്ടെത്തി. നെടുംകുന്നം പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കൊച്ചോലിക്കല്‍ വര്‍ഗീസ് കുര്യാക്കോസി(പാപ്പച്ചി-73)നെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് കണ്ടെത്തിയത്. മൂന്നു മാസം മുമ്പ് കുടംബത്തോടൊപ്പം അണക്കരയില്‍ ധ്യാനത്തിന് പോയതായിരുന്നു പാപ്പച്ചി. ധ്യാനകേന്ദ്രത്തിലെ തിരക്കിനിടയില്‍ വച്ച് ഇയാളെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വണ്ടന്‍മേട് പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പലയിടത്തും അന്വേഷണം നടത്തി പത്രപ്പരസ്യവും വിവിധ ജില്ലകളില്‍ പോസ്റ്ററുകളും പതിച്ചിട്ടും ആളെ കണ്ടെത്താനായില്ല. നാലു ദിവസം മുമ്പ് തിരുവനന്തപുരം മെഡിക്കല്‍ കോളജിനു സമീപം റോഡരികില്‍ അവശനായി കിടന്ന ഇയാളെ മെഡിക്കല്‍ കോളജ് പോലിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓര്‍മ ഇല്ലാത്തതിനാല്‍ പാപ്പച്ചിയില്‍ നിന്ന് ഒരു വിവരങ്ങളും പോലിസിനും ആശുപത്രി അധികൃതര്‍ക്കും കിട്ടയില്ല. ഇയാളെ പ്രവേശിപ്പിച്ച അതേ വാര്‍ഡില്‍ മറ്റൊരു രോഗിയുടെ കൂടെ എത്തിയ അനസ് മുംതാസ് എന്ന യുവാവ് പാപ്പച്ചിയുടെ ഫോട്ടോയും, വീഡിയോയും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. അനസിന്റ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധില്‍പെട്ട നെടുംകുന്നം സ്വദേശിയായ യുവാവ് പഞ്ചായത്തംഗത്തെ അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് വിവരം പാപ്പച്ചിയുടെ കുടുംബം അറിയുന്നത്. സംഭവം അറിഞ്ഞ കുടുംബാഗംങ്ങള്‍ തിങ്കളാഴ്ച്ച രാത്രിയില്‍ തന്നെ തിരുവനന്തപുരത്ത് എത്തി പാപ്പച്ചിയെ വീട്ടിലേക്കു മടക്കി കൊണ്ടുവന്നു. എന്നാല്‍ ഓര്‍മ ശക്തി ഇല്ലാത്തതിനാല്‍ എങ്ങനെയാണ് പാപ്പച്ചി അണക്കരയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയതെന്ന് ആര്‍ക്കും അറിയില്ല.
Next Story

RELATED STORIES

Share it