കാണാതായ വിദേശ യുവതിക്കായി നാവികസേന തിരച്ചില്‍ തുടങ്ങി

തിരുവനന്തപുരം: ഫെബ്രുവരി 21ന് പോത്തന്‍കോട്ടുള്ള ഒരു സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തി കാണാതായ ലിഗ എന്ന ലാത്വിയന്‍ യുവതിക്കായി നാവികസേനയുടെ തിരച്ചില്‍. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നാവികസേനയുടെയും വ്യോമസേനയുടെയും ആഭിമുഖ്യത്തില്‍ കോവളത്ത് കടലിനടിയില്‍ തിരച്ചില്‍ നടത്തുന്നത്.
സുലൂര്‍ വ്യോമകേന്ദ്രത്തില്‍നിന്ന് കൊച്ചിയിലെത്തിയ എഎന്‍ 32 വിമാനത്തില്‍ മുങ്ങല്‍ വിദഗ്ധരെയും മറ്റു തിരച്ചില്‍ സാമഗ്രികളും തിരുവനന്തപുരത്തെത്തിച്ചു.
മാര്‍ച്ച് 21 മുതലാണ് ഇവരെ കാണാതായത്. ആഴക്കടലില്‍ തിരച്ചില്‍ നടത്താന്‍ വൈദഗ്ധ്യമുള്ള അഞ്ച് ഡൈവര്‍മാരും സോണാര്‍ ഉപകരണങ്ങളും ബോട്ടും ഉള്‍പ്പെടെയാണ് സംഘം തിരുവനന്തപുരത്ത് എത്തിയത്. തിങ്കളാഴ്ച ഇവര്‍ കോവളം ഭാഗത്ത് തിരച്ചില്‍ നടത്തിയേക്കും. ലിഗ സഹോദരി ഇല്‍സിക്കൊപ്പമായിരുന്നു മാനസിക സമ്മര്‍ദത്തിനും വിഷാദരോഗത്തിനും ആയുര്‍വേദ ചികില്‍സയ്ക്കായി എത്തിയത്.
21ന് ഇല്‍സി യോഗയ്ക്കു പോയ ശേഷം തിരികെ മുറിയിലെത്തിയപ്പോഴാണ് ലിഗയെ കാണാനില്ലെന്നു മനസ്സിലാക്കിയത്. ഇവരുടെ പാസ്‌പോര്‍ട്ടും മറ്റു യാത്രാരേഖകളുമൊക്കെ മുറിയില്‍ത്തന്നെയുണ്ടായിരുന്നു.
സമീപപ്രദേശങ്ങളിലൊക്കെ അന്വേഷിച്ചുവെങ്കിലും ലിഗയെ കണ്ടെത്താനായില്ല. പിന്നീടാണ് ഇവര്‍ ഒരു ഓട്ടോറിക്ഷയില്‍ കോവളത്ത് എത്തിയതായി മനസ്സിലാക്കാനായത്. കോവളം ബീച്ചില്‍ അന്വേഷിച്ചുവെങ്കിലും കണ്ടെത്താനുമായില്ല.
തുടര്‍ന്ന് ഇല്‍സി പോത്തന്‍കോട് പോലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പോലിസ് മേധാവിക്കും പരാതി നല്‍കി. ഇതിനിടെ ഭാര്യയെ കാണാതായെന്നറിഞ്ഞതോടെ ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസും തലസ്ഥാനത്തെത്തി.
ഏതാനും ദിവസങ്ങള്‍ക്കുശേഷം മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ലിഗയെ കണ്ടെത്തുന്നതിനായി പ്രത്യേക പോലിസ് സംഘത്തെ നിയോഗിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. സഹോദരിയെ കണ്ടെത്തുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഇല്‍സി മുഖ്യമന്ത്രിയുടെ ഓഫിസിനെയും സമീപിച്ചിരുന്നു.
Next Story

RELATED STORIES

Share it