ernakulam local

കാണാതായ രണ്ട് ബാലികമാരെ മധുരയില്‍ നിന്നും പിടികൂടി



വൈപ്പിന്‍: എടവനക്കാട്,  ഞാറക്കല്‍ പെരുമ്പിള്ളി ഭാഗങ്ങളില്‍ നിന്നും  കാണാതായ പതിനാറുകാരികളായ രണ്ട് ബാലികമാരെ മധുരയില്‍ നിന്നും ഏര്‍വാടി പോലിസ് പിടികൂടി ഞാറക്കല്‍ പോലിസിനു കൈമാറി.  ഇവര്‍ക്കൊപ്പം കാസര്‍ഗോഡും കണ്ണൂരുമുള്ള രണ്ട് യുവാക്കളെയും പോലിസ് അറസ്റ്റ് ചെയ്തു. യുവാക്കള്‍ ബാലികമാരെ വശീകരിച്ച്കടത്തിക്കൊണ്ട് പോയതാണെന്ന് പോലിസ് പറഞ്ഞു. എറണാകുളത്ത് എംജി റോഡ്, രവിപുരം ഭാഗത്തുള്ള ഒരു സ്ഥാപനത്തില്‍ ജോലി നോക്കുന്ന കാസര്‍ഗോഡ് ചെറുവത്തൂര്‍ കണ്ടത്തില്‍ സുഹൈല്‍ (19), കണ്ണൂര്‍ പേരാവൂര്‍ തൊണ്ടിയില്‍ ചിറയത്ത് ബിബിന്‍ ലാല്‍ (20) എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത ബാലികമാരെ വശീകരിച്ചു കടത്തിക്കൊണ്ടു പോയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത് . അതേ സമയം പീഡനം നടന്നിട്ടില്ലെന്ന് വൈദ്യപരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് അറിയിച്ചു. എടവനക്കാട് ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവരാണ് ബാലികമാരെന്ന് പോലിസ് പറഞ്ഞു. ഒരാള്‍ ഞാറക്കല്‍ പെരുമ്പിള്ളി സ്വദേശിനിയും മറ്റെയാള്‍ എടവനക്കാട് സ്വദേശിനിയുമാണ്. വീടുകളില്‍ ഇന്‍സ്റ്റാള്‍ മെന്റില്‍ സാധനങ്ങള്‍ ഓര്‍ഡര്‍ പിടിക്കുന്നതായിരുന്നു ഇവരുടെ ജോലി. ഓര്‍ഡര്‍ കുറഞ്ഞുപോയതിനാല്‍ ഇരുവരെയും കഴിഞ്ഞ ആഴ്ച ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. പിറ്റേന്നാണ് ഇരുവരെയും കാണാതായത്. ഞാറക്കല്‍ പോലിസിനു ലഭിച്ച പരാതിയെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ബാലികമാരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടയിലാണ് മധുര ഏര്‍വാടി പോലിസ് ഞാറക്കല്‍ പോലിസുമായി ബന്ധപ്പെടുന്നത്. തുടര്‍ന്ന്  ഞാറക്കല്‍ പോലിസ് മധുരയിലെത്തി നാലുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.  ഏര്‍വാടി പള്ളിയിലെത്തിയ നാലുപേരെയും കണ്ട് സംശയം തോന്നിയ സെക്യൂരിറ്റി കാരന്‍ പോലിസിനെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലിസെത്തി കസ്റ്റഡിയിലെടുത്തത്. ഇന്നലെ ഞാറക്കല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ബാലികമാരെ വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു.
Next Story

RELATED STORIES

Share it