ernakulam local

കാണാതായ ബോട്ടുകള്‍ക്കായി വിവിധ വകുപ്പുകളെ ഏകോപിപ്പിക്കും

കാക്കനാട്: ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൊച്ചിയില്‍ നിന്നു പുറപ്പെട്ട മത്സ്യബന്ധന ബോട്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അടിയന്തിരമായി കണ്ടെത്തുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം.
നാവികസേന രക്ഷപെടുത്തി വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നവരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്ന മുറയ്ക്ക് നാട്ടിലെത്തിക്കും. ഇതിനായി വാഹന സൗകര്യവും ഏര്‍പ്പെടുത്തും. തിരച്ചിലിനിടെ മൃതദേഹം ലഭിക്കുന്ന സാഹചര്യത്തില്‍ അടിയന്തിരമായി പോസ്റ്റ് മോര്‍ട്ടം നടത്തി നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനും നിര്‍ദേശം നല്‍കി. കടല്‍ ക്ഷോഭത്തില്‍ സെപ്റ്റിക് ടാങ്കുകള്‍ തകര്‍ന്ന പ്രദേശങ്ങളില്‍ മൂന്നു ദിവസത്തിനുള്ളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശുചിത്വമിഷന് നിര്‍ദേശം നല്‍കി.
പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യം ഒഴിവാക്കുന്നതിന് എല്ലാ നടപടിയും സ്വീകരിക്കും. ദുരന്തബാധിത മേഖലകളിലെ വീടുകളിലും പൊതുസ്ഥലങ്ങളിലും ക്ലോറിനേഷന്‍ നടത്തുന്നതിന് ആരോഗ്യം, സാമൂഹ്യ ക്ഷേമം ഓഫിസര്‍മാരെ നിയോഗിച്ചു. പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്ന സെപ്റ്റിക് ടാങ്കുകള്‍ അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തുന്നതിന് നിര്‍മ്മിതി കേന്ദ്രത്തെ ചുമതലപ്പെടുത്തി.
ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ഇതിനുള്ള തുക അനുവദിക്കും. കൂടാതെ രക്ഷപെട്ട് ആശുപത്രിയില്‍ കഴിയുന്നവരുടെ ചികില്‍സയ്ക്കും മറ്റുമായി ദുരന്ത നിവാരണ അതോറ്റിയുടെ പ്ലാന്‍ ഫണ്ടും ഉപയോഗപ്പെടുത്തും. തോപ്പുംപടിയില്‍ നിന്ന് പോയ 115 ബോട്ടുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കും.
സൗജന്യ റേഷന്‍ നല്‍കേണ്ടവരുടെ പട്ടിക സമര്‍പ്പിക്കാന്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചുള്ള കണക്ക് ഉടന്‍ സമര്‍പ്പിക്കാന്‍ ഫിഷറീസ് വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടര്‍ ഷീല ദേവി, എഡിഎം എം കെ കബീര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it