ernakulam local

കാണാതായ നാലുപേര്‍ പറവൂരില്‍

പറവൂര്‍: വിഴിഞ്ഞത്തു നിന്ന് മല്‍സ്യബന്ധനത്തിനുപോയി ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായ 'അല്‍ഭുതമാത' വള്ളത്തിലെ നാലുപേര്‍ മുനമ്പത്ത് എത്തി. ആറ് പേരുണ്ടായിരുന്ന വള്ളത്തില്‍നിന്ന് രണ്ടുപേരെ കടലില്‍വീണ് കാണാതായി. മുനമ്പത്ത് അടുത്ത വള്ളത്തിലുണ്ടായിരുന്ന നെയ്യാറ്റിന്‍കര പൊഴിയൂര്‍ സ്വദേശികളായ ഫ്രാന്‍സിസ്(60), റെയ്മണ്ട്(30), വില്യം(50), മുത്തപ്പന്‍(55) എന്നിവരെ അവശനിലയില്‍ പറവൂര്‍ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കന്യാകുമാരി കൊല്ലങ്കോട് സ്വദേശികളായ രവി അല്‍ഫോന്‍സ്, ആന്റണി ആരോഗ്യം എന്നിവരെയാണ് കാണാതായത്. ചൊവ്വാഴ്ചയാണ് ഇവര്‍ ഇരട്ട ഔട്ട്‌ബോര്‍ഡ് എന്‍ജിനുള്ള വള്ളത്തില്‍ മല്‍സ്യബന്ധനത്തിന് പുറപ്പെട്ടത്. രാത്രി ചുഴലിക്കാറ്റില്‍ ഫ്രാന്‍സിസുള്‍പ്പെടെ മൂന്നുപേര്‍ കടലിലേക്ക് തെറിച്ചുവീണു. വള്ളത്തിന്റെ റോപ്പില്‍ പിടികിട്ടിയതിനാല്‍ ഫ്രാന്‍സിസ് രക്ഷപ്പെട്ടു. കടല്‍ പ്രക്ഷുബ്ദമായതിനാല്‍ കരയിലേക്കടുക്കുവാന്‍ കഴിഞ്ഞില്ല. അല്‍പം ശാന്തമായപ്പോള്‍ ഓടി മുനമ്പത്ത് എത്തുകയായിരുന്നു. തിരമാലകളില്‍പ്പെട്ട് ആഹാരസാധനങ്ങളെല്ലാം നഷ്ടപ്പെട്ടതിനാല്‍ പട്ടിണിയിലായി അവശനിലയിലായിരുന്നു നാലുപേരും. മുനമ്പം ഗവ.ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ലാതിരുന്നതിനാലാണ് ഇവരെ പറവൂരിലെത്തിച്ചത്. ഇവര്‍ രക്ഷപ്പെട്ട വിവരമറിഞ്ഞ് ബന്ധുക്കള്‍ പറവൂരിലേക്ക് പുറപ്പെട്ടു. ആശുപത്രിയില്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി കുറുപ്പ് അടക്കം വിവിധ നേതാക്കള്‍ രക്ഷപ്പെട്ടവരെ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it