കാണാതായ കുടുംബങ്ങള്‍ യമനിലെ ഹള്‌റ മൗത്തില്‍; യുവാവിന്റെ ശബ്ദസന്ദേശം പുറത്ത്

കാസര്‍കോട്: രണ്ടു കുടുംബങ്ങളില്‍ നിന്നായി  ദുരൂഹ സാഹചര്യത്തില്‍ കാണാതായ 11 പേര്‍   യമനിലെ ഹള്‌റമൗത്തില്‍ എത്തിയെന്നു വിവരം. മൊഗ്രാലിലെ സവാദിന്റെ ശബ്ദസന്ദേശത്തിലാണു താനും കുടുംബവും മതപഠനത്തിനായി യമനില്‍ എത്തിയതെന്നും ഐഎസുമായി തങ്ങള്‍ക്കു യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കിയത്.
വാട്‌സ്ആപ്പില്‍ നല്‍കിയ വോയ്‌സ് മെസേജ് സന്ദേശത്തില്‍, ജൂണ്‍ എട്ടിനാണു താനും കുടുംബവും ദുബയില്‍ നിന്ന് ഒമാനിലേക്കു വിമാനത്തിലും അവിടെ നിന്നു യമനിലേക്കു ബസ്സിലും പോയതായുള്ള അറിയിപ്പുള്ളത്. ഹള്‌റമൗത്തിലെ അല്‍ഹമി എന്ന സ്ഥലത്തെ മസ്ജിദുല്‍ അന്‍വറിലെ ദാറുല്‍ ഹദീസ് മദ്‌റസയില്‍ പഠനം നടത്തുകയാണ്. ജൂണ്‍ 19ന് ഉപ്പളയിലെ അന്‍വറും കുടുംബവും ഇവിടെയെത്തിയിരുന്നു. നിരവധി മലയാളികള്‍ ഇവിടെ മതപഠനത്തിലേര്‍പ്പെട്ടുവരുന്നു. ഇതില്‍ അഞ്ചു വര്‍ഷത്തോളമായി പഠനം നടത്തുന്നവരുമുണ്ട്. യുഎസ്എ, യുകെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരും ഇവിടെ പഠിക്കുന്നുണ്ട്.
ഖുര്‍ആന്‍ പഠനം തങ്ങളുടെ ഏറെ നാളായുള്ള ആഗ്രഹമായിരുന്നു. സൗദി അറേബ്യയില്‍ പോയി പഠിക്കാനായിരുന്നു മോഹം. എന്നാല്‍ ഇതിനു ഭാരിച്ച ചെലവ് വരുമെന്നതിനാലാണു യമനില്‍ പഠിക്കാന്‍ തീരുമാനിച്ചത്. പഠനം, താമസം, ഭക്ഷണം എന്നിവ പൂര്‍ണമായും സൗജന്യമാണ്. തനിക്കും ഭാര്യമാര്‍ക്കും മൂത്തമകള്‍ക്കും ഇവിടെ പഠനം നടത്താം. ഇക്കാര്യം വീട്ടുകാരുമായി സംസാരിച്ചിരുന്നു. ദുബയിലെ തന്റെ മൊബൈല്‍ ഫോണ്‍ ഷോപ്പ് സുഹൃത്തിനെ ഏല്‍പ്പിച്ചാണു പോയത്. ഇതിന്റെ വരുമാനം കൃത്യമായി വീട്ടിലേക്ക് അയക്കുന്നുമുണ്ട്. താന്‍ ഇപ്പോള്‍ യമനില്‍ അത്തര്‍ ബിസിനസ് നടത്തുന്നുണ്ട്. പഠനത്തിനു ശേഷം നാട്ടിലേക്ക് തിരിച്ചുവരും.ഭാര്യാപിതാവ് എന്തുകൊണ്ടാണു തങ്ങളെ കാണാനില്ലെന്നു പരാതി നല്‍കിയതെന്ന് അറിയില്ലെന്നും സവാദ് പറയുന്നു. ചൊവ്വാഴ്ച രാത്രി ചെമനാട് മുണ്ടാങ്കുളത്തെ കുന്നില്‍ ഹൗസില്‍ അബ്ദുല്‍ ഹമീദ് നല്‍കിയ പരാതിയിലാണു കാസര്‍കോട് പോലിസ് മിസ്സിങിന് കേസെടുത്തത്.
തന്റെ മകള്‍ നസീറ (25), ഭര്‍ത്താവ് മൊഗ്രാലിലെ സവാദ് (35), മക്കളായ മുസബ് (ആറ്), മര്‍ജാന (മൂന്ന്), മുഖബില്‍ (11 മാസം), സവാദിന്റെ രണ്ടാം ഭാര്യ പാലക്കാട് എടത്തനാട്ടുകര സ്വദേശിനി റൈഹാനത്ത് (25) എന്നിവരെ കാണാനില്ലെന്നായിരുന്നു പരാതി. അണങ്കൂരിലെ മറ്റൊരു കുടുംബത്തിലെ അഞ്ചു പേരെ കൂടി കാണാനില്ലെന്നും വെളിപ്പെടുത്തിയിരുന്നു. ഉപ്പള സ്വദേശി അന്‍വര്‍, ഭാര്യ അണങ്കൂര്‍ സ്വദേശിനി സീനത്ത്, ഇവരുടെ മൂന്നു മക്കള്‍ എന്നിവരെക്കുറിച്ചും സൂചിപ്പിച്ചിരുന്നെങ്കിലും രേഖാമൂലം പരാതി ലഭിക്കാത്തതിനാല്‍ കേസെടുത്തിട്ടില്ല.
സവാദ് കുടുംബസമേതം ദുബയിലാണു താമസം. രണ്ടു വര്‍ഷമായി നാട്ടില്‍ വന്നിട്ട്. രണ്ടാംഭാര്യ റൈഹാനത്ത് ബധിരയും മൂകയുമാണ്. യമനിലേക്കു പോവുന്ന കാര്യം സവാദ് തങ്ങളെ അറിയിച്ചിരുന്നതായും ഫോണ്‍ വഴി ബന്ധപ്പെടാറുണ്ടെന്നും പിതാവ് എം പി അശ്‌റഫ് തേജസിനോട് പറഞ്ഞു.
സിറിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കു പോവുന്നവര്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലായിരിക്കുമെന്നും ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും കാസര്‍കോട് സിഐ സി എ അബ്ദുര്‍ റഹീം പറഞ്ഞു.
Next Story

RELATED STORIES

Share it