Flash News

കാണാതായ ഇഫല്‍ യൂണിവേഴ്‌സിറ്റിയിലെ ഷില്ലോങ് കാമ്പസിലെ എം.സി.ജെ വിദ്യാര്‍ഥി തിരിച്ചെത്തി

തൃശൂര്‍: മൂന്നു ദിവസം നീണ്ട ആശങ്കകള്‍ക്കൊടുവില്‍ കാണാതായ ഇഫല്‍ യൂണിവേഴ്‌സിറ്റി ഷില്ലോങ് കാമ്പസിലെ എം.സി.ജെ. മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥി ഡേവിഡ് ഒ. ബേബി സുരക്ഷിതമായി കാമ്പസില്‍ തിരിച്ചെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഡാര്‍ജിലിങ്ങില്‍ നിന്നും ഗോഹാട്ടിയിലേക്കുള്ള യാത്രക്കിടെ തിങ്കളാഴ്ച രാത്രിയാണ് തൃശൂര്‍ ജില്ലയിലെ അമ്മാടം ഒല്ലൂക്കാരന്‍ വീട്ടില്‍ ബേബിയുടെയും ഷീല സ്റ്റീഫന്റെയും മകന്‍ ഡേവിഡിനെ കാണാതായത്.
തിങ്കളാഴ്ച രാത്രി 8.11ന് ഡേവിഡ് അമ്മയെ അവസാനമായി മൊബൈല്‍ ഫോണില്‍ വിളിച്ചിരുന്നു. കൊക്രജാറിനടുത്തുനിന്നാണ് വിളിച്ചതെന്നു കരുതുന്നു. രാത്രി പത്തുമണിയോടെ ഗോഹട്ടിയിലെത്തുമെന്നാണ് ഡേവിഡ് പറഞ്ഞത്. പിന്നീട് ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു. സുഹൃത്തുക്കളും മറ്റുമായി ബന്ധുക്കള്‍ ബന്ധപ്പെട്ടിട്ടും യാതൊരു വിവരവും ലഭിച്ചില്ല. തീവ്രവാദ ഭീഷണിയുള്ള പ്രദേശമായതിനാല്‍ ബന്ധുക്കളെല്ലാം ആശങ്കയിലായിരുന്നു. ഡേവിഡിനെ കാണാതായതിനെ തുടര്‍ന്ന് തൃശൂര്‍ ജില്ലാ പോലിസ് മേധാവിയടക്കമുള്ളവര്‍ക്ക് വീട്ടുകാര്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ ഡേവിഡ് സുരക്ഷിതനാണെന്ന വിവരം ലഭിച്ചതോടെ മാതാപിതാക്കളായ തിരുവനന്തപുരത്ത് ഇറിഗേഷന്‍ വകുപ്പില്‍ എസ്.എസ്. ആയ ബേബിയും തൃശൂരില്‍ റവന്യൂ വകുപ്പിലെ ഡപ്യൂട്ടി തഹസില്‍ദാറായ ഷീല സ്റ്റീഫനും ബന്ധുക്കള്‍ക്കും ആശ്വാസമായി. മേഖലയില്‍ പ്രക്ഷോഭങ്ങള്‍ കാരണം ട്രെയിന്‍ ഗതാഗതമടക്കം തടസപ്പെട്ടതിനാല്‍ ഡേവിഡ് കുടുങ്ങിപ്പോയതായിരുന്നു.
Next Story

RELATED STORIES

Share it