Kollam Local

കാണാതായവരെ തേടിപോയ ബോട്ടുകള്‍ ഇന്ന് കരയിലെത്തും

കൊല്ലം: ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരെത്തേടിയുള്ള രക്ഷാദൗത്യത്തിനായി ശക്തികുളങ്ങര ഹാര്‍ബറില്‍ നിന്ന് 25 ബോട്ടുകള്‍ പുറപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ വിട്ടു നല്‍കിയ ബോട്ടുകള്‍ തെരച്ചിലിനായി യാത്രതിരിച്ചത്. കൊല്ലം തീരത്തു നിന്ന് കടലിന്റെ എല്ലാ ദിക്കുകളിലേക്കും നീളുന്ന വിധമാണ് തെരച്ചിലിന്റെ ക്രമീകരണം. വിശദമായ തിരച്ചില്‍ നടത്തി രക്ഷപെടാന്‍ അവശേഷിക്കുന്നവരില്ലെന്ന് ഉറപ്പാക്കിയും വീണ്ടെടുക്കാന്‍ ബാക്കിയുള്ള ശരീരങ്ങളുണ്ടെങ്കില്‍ അതു കണ്ടെടുത്തുമാകും അന്വേഷണം. തൃശൂര്‍ ചേറ്റുവയില്‍ ഇന്ന് സംഘം എത്തും. സാധാരണ നിലയ്ക്ക് ഒരു രാത്രി കൊണ്ട് എത്തിച്ചേരാവുന്ന ദൂരം രണ്ടു ദിവസത്തിലധികം സമയമെടുത്ത് കൃത്യതയോടെയും വിശദമായും തിരയാനാണ് തീരുമാനം. ഇതിനായി ബോട്ടിലെ സ്രാങ്കുമാര്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേക പരിശീലന ക്ലാസ് നല്‍കി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി ടി സുരേഷ്‌കുമാര്‍, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ വഹാബ് എന്നിവരാണ് രക്ഷാദൗത്യം സംനബന്ധിച്ച് ഹാര്‍ബറില്‍ ക്ലാസ് നടത്തിയത്. എല്ലാ ബോട്ടുകള്‍ക്കും പരസ്പരം ആശയവിനിമയത്തിനുള്ള രീതികളും സാങ്കേതിക വിവരങ്ങളുമാണ് ഇങ്ങനെ കൈമാറിയത്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ബോട്ടാണ് ദൗത്യസംഘത്തെ നയിക്കുന്നത്. ഈ ബോട്ടില്‍ നിന്നുള്ള സന്ദേശങ്ങള്‍ക്കനുസൃതമായിട്ടാണ് സംയുക്ത പരിശോധന നടത്തുക. ആകെ 125 മല്‍സ്യത്തൊഴിലാളികളാണ്  25 ബോട്ടുകളിലുള്ളത്. ഇവര്‍ക്ക് നാലു ദിവസം ദിവസബത്തയായി 800 രൂപ വീതം സര്‍ക്കാര്‍ നല്‍കി. 3000 ലിറ്റര്‍ വീതം ഇന്ധനവും സര്‍ക്കാരാണ് നല്‍കുന്നത്. ബോട്ടുടമകളെ പ്രതിനീധീകരിച്ച് ഭാരവാഹികളായ പീറ്റര്‍ മത്യാസ്, അലോഷ്യസ് യോഹന്നാന്‍, തോംസണ്‍ ഗില്‍ബര്‍ട്ട്, അനില്‍ ചാര്‍ളി എന്നിവരാണ് ശക്തികുളങ്ങര ഹാര്‍ബറിലെത്തി തൊഴിലാളികള്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ബോട്ടില്‍ വകുപ്പിലെ ജീവനക്കാരായ ഓജന്‍ദാസ്, ഷെല്ലി എന്നിവരും ലൈഫ്ഗാര്‍ഡ് റോയിയുമാണുള്ളത്.
Next Story

RELATED STORIES

Share it