Kottayam Local

കാട്ടുപോത്തിന്റെ മുമ്പിലകപ്പെട്ടു; പോലിസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്



എരുമേലി: കാട്ടുപോത്തിന്റെ മുമ്പിലകപ്പെട്ട പോലിസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. എരുമേലി പോലിസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ ഓഫിസര്‍ കോരുത്തോട് ആനക്കല്ല് സ്വദേശി ബാലകൃഷ്ണനാണ് കാട്ടുപോത്തിന്റെ മു്ന്നില്‍ നിന്നു രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ മൂക്കന്‍പെട്ടി കോരുത്തോട് റോഡില്‍ കാളകെട്ടിക്കും ആനചാരികല്ലിനുമിടയില്‍ വച്ചാണ് സംഭവം. മുഖ്യമന്ത്രിക്കും തുടര്‍ന്ന് വൈദ്യുതി മന്ത്രിക്കും പൈലറ്റ് എസ്‌കോര്‍ട്ട് ഡ്യൂട്ടിക്കു ശേഷം ആക്ടീവ സ്‌കൂട്ടറില്‍ വീട്ടിലേക്കു പോവുകയായിരുന്നു ബാലകൃഷ്ണന്‍. വണ്ടിയുടെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ റോഡിനു വലത് ഭാഗത്ത് പൊന്തക്കാട്ടില്‍ നിന്ന് വെള്ള കൊക്ക് ചാടുന്നതു പോലെ ഒരു കാഴ്ച കണ്ട് പെട്ടെന്ന് വാഹന വേഗത കുറച്ചു. അത് അസാമാന്യ വലുപ്പമുള്ള കാട്ടുപോത്തായിരുന്നു. പോത്തിന്റെ കാലിലെ കുളമ്പുഭാഗം വെള്ള നിറമായിരുന്നതാണ് കൊക്കാണെന്നു തോന്നിപ്പിച്ചത്. കാട്ടുപോത്താണെന്നു മനസ്സിലായപ്പോഴേക്കും അത് പാഞ്ഞെത്തിക്കഴിഞ്ഞിരുന്നു. സ്‌കൂട്ടറിലിരുന്ന് പകച്ചുപോയ ബാലകൃഷ്ണന്‍ വാഹനമിട്ടിട്ട് ഇറങ്ങിയോടിയില്ല. വേഗത കൂട്ടി സ്‌കൂട്ടര്‍ മുന്നോട്ടെടുത്തു. പിന്നാലെ പിന്തുടര്‍ന്ന കാട്ടുപോത്ത് പിന്തിരിഞ്ഞെന്ന് ഉറപ്പാവും വരെ വേഗതയില്‍ പായുകയായിരുന്നു. ഇക്കഴിഞ്ഞ ശബരിമല സീസണില്‍ ഇതേ സ്ഥലത്തിനടുത്ത് കാളകെട്ടി ക്ഷേത്രത്തിനു സമീപത്ത് വച്ച് ബാലകൃഷ്ണനും കുടുംബാഗങ്ങളും സഞ്ചരിച്ച കാര്‍ ആനക്കൂട്ടത്തിനു മുമ്പില്‍ പെട്ടിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ആനയുടെ ആക്രമണത്തിനിരയായി ബൈക്ക് യാത്രികര്‍ പരിക്കുകളോടെയാണ് രക്ഷപ്പെട്ടത്. ബൈക്ക് ആന തകര്‍ക്കുകയും ചെയ്തു. രാത്രികാലത്ത് ഈ പാതയില്‍ നിരവധി വാഹനങ്ങളാണ് മറിഞ്ഞ് അപകടത്തില്‍ പെട്ടിട്ടുള്ളത്. വനം വകുപ്പ് അനുമതി നല്‍കാത്തതിനാല്‍ വൈദ്യുതി വഴി വിളക്കുകള്‍ സ്ഥാപിക്കാനായിട്ടില്ല. പകരം സൗരോര്‍ജ വിളക്കുകളും സ്ഥാപിച്ചിട്ടില്ല. നാലു കിലോമീറ്ററോളം ഇരുവശവും വനമായ  ഈ പാതയില്‍ രാത്രിയില്‍ വെളിച്ചമില്ലാത്തതാണു വന്യ മൃഗങ്ങളിറങ്ങാന്‍ കാരണം. കാളകെട്ടി മേഖലയിലെ 32 ഹെക്ടറോളം വനം വെട്ടിമാറ്റി തൈകള്‍ നട്ടതു മൂലം മൃഗങ്ങള്‍ നാടിറങ്ങുന്നത് പതിവായി മാറിയിരിക്കുകയാണെന്ന് ആശങ്കയോടെ നാട്ടുകാര്‍ പറയുന്നു.
Next Story

RELATED STORIES

Share it