wayanad local

കാട്ടുപന്നിയെ വേട്ടയാടിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍

പുല്‍പ്പള്ളി: ചെട്ടി പാമ്പ്രയില്‍ കാട്ടുപന്നിയെ വൈദ്യുതാഘാതമേല്‍പ്പിച്ച് കൊന്ന് ഇറച്ചിയാക്കിയ സംഭവത്തില്‍ നാലുപേരെ ചെതലയം റേഞ്ച് ഓഫിസര്‍ വി രതീശനും സംഘവും അറസ്റ്റ് ചെയ്തു. ആഗസ്ത് 17നു നടന്ന സംഭവത്തില്‍ വൈദ്യുതി വേലിയില്‍ നിന്നു ഷോക്കേറ്റ് ചെട്ടി പാമ്പ്ര കൃഷ്ണവിലാസം ഗോപാലകൃഷ്ണന്‍ (53) മരിച്ചിരുന്നു.
സ്വന്തം കൃഷിയിടത്തില്‍ ഗോപാലകൃഷ്ണനും സുഹൃത്തുക്കളും പന്നിയെ പിടികൂടാനായി ഫെന്‍സിങിലൂടെ വൈദ്യുതി കടത്തിവിട്ടതായാണ് സൂചന. പ്രതികളായ ചെട്ടി പാമ്പ്ര സ്വദേശികളായ ബിനേഷ് (37), ശ്രീനിലയം പി ആര്‍ രാജേഷ് (42), കോളിമൂല എ കെ പരശു (42), ചീയമ്പം പുത്തന്‍പുര പി ഡി അജേഷ് (30) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ഗോപാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് കേണിച്ചിറ പോലിസ് തുടരന്വേഷണം നടത്തും. ആഗസ്ത് 17നു മഴയും വെള്ളപ്പൊക്കവും കാരണം രാത്രി ഒമ്പതിനു ശേഷം ചെട്ടി പാമ്പ്ര ഭാഗങ്ങളിലെല്ലാം വൈദ്യുതി ലൈന്‍ ഓഫാക്കാറുണ്ടായിരുന്നു. എന്നാല്‍, അന്നു പുലര്‍ച്ചെ ആറോടെ കൃഷിയിടത്തിലേക്ക് പോകവെയാണ് ഗോപാലകൃഷ്ണന് വേലിയില്‍ നിന്ന് ഷോക്കേറ്റതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപോര്‍ട്ടുകള്‍.
എന്നാല്‍, പിന്നീട് നടന്ന അന്വേഷണത്തില്‍ മൃതദേഹത്തിന് സമീപം കാട്ടുപന്നിയും ഷോക്കേറ്റ് ചത്തതായും പിന്നീട് പ്രതികളുടെ നേതൃത്വത്തില്‍ പന്നിയെ ആരും കാണാതെ ഇറച്ചിയാക്കി കുഴിച്ചിടുകയായിരുന്നുവെന്നും തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുളം ഫോറസ്റ്റ് സ്‌റ്റേഷനില്‍ ഒആര്‍ 7/18 നമ്പര്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് തുടരന്വേഷണം നടത്തുകയായിരുന്നു.
ഇതില്‍ നിന്നു ഗോപാലകൃഷ്ണനും സുഹൃത്തുക്കളും ചേ ര്‍ന്ന് പന്നിയെ പിടികൂടാനായി ഫെന്‍സിങിലൂടെ വൈദ്യുതി കടത്തിവിടുകയും ഗോപാലകൃഷ്ണന്‍ അബദ്ധവശാല്‍ ഷോക്കേറ്റ് മരിക്കുകയുമായിരുന്നുവെന്ന് പ്രതികളുടെ മൊഴി പ്രകാരം വ്യക്തമാവുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനായി അന്വേഷണം തുടരുമെന്നും കേസില്‍ വേറെയും പ്രതികളുണ്ടെന്നും ചെതലയം റേഞ്ച് ഓഫിസര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it