കാട്ടുതീ: റേഞ്ച് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

അബ്ദുല്‍ സമദ്   എ
തേനി: കൊരങ്ങിണി വനമേഖലയിലുണ്ടായ തീപ്പിടിത്തത്തി ല്‍ പൊള്ളലേറ്റ രണ്ടു സ്ത്രീകള്‍ കൂടി മരിച്ചു. ഈറോഡ് സ്വദേശി ദിവ്യ, ധര്‍മപുരി സ്വദേശി നിഷ എന്നിവരാണു മരിച്ചത്. ഇതോടെ മരണ സംഖ്യ 11 ആയി ഉയര്‍ന്നു.
ദിവ്യയുടെ ഭര്‍ത്താവ് വിവേകും കഴിഞ്ഞദിവസം മരിച്ചിരുന്നു. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് മൂന്നുമാസം മാത്രമേ ആയിട്ടുള്ളൂ. അതേസമയം, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ കാട്ടുതീയില്‍പ്പെട്ടു മരിച്ച സംഭവത്തില്‍ റേഞ്ച് ഓഫിസറെ തമിഴ്‌നാട് വനം വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു.
കൊട്ടഗുഡി റിസര്‍വ് ഫോറസ്റ്റിലെ കൊരങ്ങിണി റേഞ്ച് ഓഫിസര്‍ ജെയ്‌സിങിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. അനധികൃതമായാണു വനമേഖലയ്ക്കുള്ളില്‍ 36 അംഗ ട്രക്കിങ് സംഘം കടന്നതെന്നാണു തമിഴ്‌നാട് വനംവകുപ്പിന്റെ നിലപാട്. നിയമപരമായാണ് സംഘം വനത്തിനുള്ളില്‍ പ്രവേശിച്ചതെങ്കില്‍ വനം വകുപ്പിന്റെ എല്ലാ വിധത്തിലുള്ള സംരക്ഷണവും ലഭിക്കുമായിരുന്നെന്നു തമിഴ്‌നാട് സര്‍ക്കാരും നിലപാട് വ്യക്തമാക്കുന്നു. മാത്രമല്ല, ഇതേ ദിവസം തന്നെ മറ്റൊരു 12 അംഗ സംഘത്തോടൊപ്പം വനംവകുപ്പ് ഉ—ദ്യോഗസ്ഥര്‍ ഉണ്ടായിരുന്നതിനാലാണ് അപകടം കൂടാതെ തിരിച്ചെത്തിയതെന്നും തമിഴ്‌നാട് വനംവകുപ്പ് പറയുന്നു. അതിനാല്‍ ദുരന്തത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാരിന് ഏറ്റെടുക്കാന്‍ കഴിയില്ലെന്നും വനംമന്ത്രി ഡിണ്ടിക്കല്‍ ശ്രീനിവാസന്‍ അറിയിച്ചിരുന്നു. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം രൂപയും പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് ഒന്നരലക്ഷം രൂപയും സഹായധനം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പാസ് നല്‍കിയാണ് ചെന്നൈ ട്രക്കിങ് ക്ലബ്ബ് അംഗങ്ങളെ കുരങ്ങണി മലയിലേക്കു കയറ്റിവിട്ടതെന്ന് തമിഴ്‌നാട് പോലിസിനോട് പൊള്ളലേറ്റവര്‍ മൊഴിനല്‍കിയിരുന്നു. എന്നാല്‍, അനുമതിയില്ലാത്ത പാതയിലൂടെയാണു ട്രക്കിങ് സംഘം സഞ്ചരിച്ചതെന്നാണ് തേനി എസ്പി പറയുന്നത്. കാട്ടുതീ ഉണ്ടാവാനിടയായ സാഹചര്യം, അനധികൃത ട്രക്കിങ് അനുവദിച്ചതില്‍ ഉദ്യോഗസ്ഥരുടെ പങ്ക് തുടങ്ങിയവയെക്കുറിച്ച് സമഗ്രാന്വേഷണം നടത്താനാണ് അധികൃതരുടെ തീരുമാനം.
Next Story

RELATED STORIES

Share it