കാട്ടുതീ: മരണം ഒമ്പത്; തിരച്ചില്‍ അവസാനിപ്പിച്ചു

അബ്ദുല്‍ സമദ് എ

തേനി: കൊരങ്ങിണി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. പരിക്കേറ്റ 15ഓളം പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ചെന്നൈ കടലൂര്‍ സ്വദേശി വിവേക്, ഇയാളുടെ ഭാര്യ ദിവ്യ, തമിഴ് ശെല്‍വന്‍, നിതിന്‍, ഹേമലത, ശുഭ, അഖില, പുനിത, അരുണ്‍ എന്നിവരാണ് മരിച്ചത്. മലയാളിയും കോട്ടയം സ്വദേശിനിയുമായ മിനാ ജോര്‍ജ് മധുര അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഇന്നലെ പുലര്‍ച്ചെ ഹെലികോപ്റ്ററുകളില്‍ വെള്ളമെത്തിച്ച് തീ അണച്ചതിനുശേഷമാണ് തമിഴ്‌നാട് സര്‍ക്കാര്‍ തിരച്ചില്‍ പുനരാരംഭിച്ചത്. ആദ്യം വിവേകിന്റെ മൃതദേഹമാണ് ലഭിച്ചത്. രാവിലെ പതിനൊന്നരയോടെ എട്ടു മൃതദേഹങ്ങള്‍ കൂടി ആശുപത്രിയില്‍ എത്തിച്ചു. ഒമ്പത് മൃതദേഹങ്ങള്‍ കിട്ടിയതോടെ തിരച്ചില്‍ അവസാനിപ്പിച്ചു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
രാവിലെ തന്നെ തമിഴ്‌നാട് സൗത്ത് സോണ്‍ ഐജി ശൈലേഷ് കുമാര്‍ യാദവ്, ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. രാധാകൃഷ്ണന്‍ എന്നിവര്‍ സ്ഥലത്തെത്തി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പന്നീര്‍സെല്‍വം, ആരോഗ്യമന്ത്രി വിജയഭാസ്‌കര്‍, വനംമന്ത്രി ശ്രീനിവാസന്‍ എന്നിവര്‍ രാത്രി തന്നെ സ്ഥലത്തെത്തി ക്യാംപ് ചെയ്താണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
ഞായറാഴ്ച രാത്രിയോടെ കേരളത്തില്‍നിന്നുള്ള പോലിസ്, ഫോറസ്റ്റ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി. എന്നാല്‍, ഉപമുഖ്യമന്ത്രി ഉള്‍പ്പെടെ നാലു മന്ത്രിമാര്‍ സംഭവസ്ഥലത്തു നിന്ന് 20 കിലോമീറ്റര്‍ അകലെ ഉണ്ടായിട്ടും രാത്രി പത്തരയോടെയാണ് ആശുപത്രിയിലെത്തിയത്. ഇത് തമിഴ്‌നാട്ടില്‍ വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്.
അതിനിടെ, ദുരന്തത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാലു ലക്ഷം വീതവും ഗുരുതര പൊള്ളലേറ്റവര്‍ക്ക് ഒരു ലക്ഷം വീതവും പൊള്ളലേറ്റ മറ്റുള്ളവര്‍ക്ക് 50,000 വീതവുമാണ് നല്‍കുക. വേണ്ട അനുമതികള്‍ വാങ്ങാതെയാണ് ട്രക്കിങ് സംഘം വനത്തിലെത്തിയതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. ട്രക്കിങ് ഓര്‍ഗനൈസര്‍മാരെന്നു കരുതുന്ന സംഘടനയുടെ ഓഫിസ് അടച്ചിട്ട നിലയില്‍ കണ്ടെത്തിയതായി പോലിസ് അറിയിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ കേരള-തെലങ്കാന സര്‍ക്കാരുകള്‍ ട്രക്കിങിന് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തി.
Next Story

RELATED STORIES

Share it