കാട്ടുതീ: ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് സര്‍ക്കാരുകള്‍ക്കു ഹരിതകോടതി നോട്ടീസ്

ന്യൂഡല്‍ഹി: കാട്ടുതീ പടരുന്നതില്‍ ആശങ്കപ്രകടിപ്പിച്ച ദേശീയ ഹരിതകോടതി ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് സര്‍ക്കാരുകള്‍ക്കു കാരണംകാണിക്കല്‍ നോട്ടീസയച്ചു. കാട്ടുതീ നിയന്ത്രിക്കാന്‍ എന്തു നടപടി സ്വീകരിച്ചുവെന്നു ഹരിതകോടതി ചെയര്‍മാന്‍ ജസ്റ്റിസ് സ്വതന്ത്രകുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വനം-പരിസ്ഥിതി മന്ത്രാലയത്തോട് ആരാഞ്ഞു. വളരെ ലാഘവത്തോടെയാണ് എല്ലാവരും കാട്ടുതീ കൈകാര്യം ചെയ്തത്- ബെഞ്ച് പറഞ്ഞു.
തീയണയ്ക്കാന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ വഴി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വനം പരിസ്ഥിതി മന്ത്രാലയത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കാട്ടുതീ ഒഴിവാക്കാന്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികളെന്തൊക്കെയാണെന്ന് ഉത്തരാഖണ്ഡ്, ഹിമാചല്‍ സര്‍ക്കാരുകളോടു കോടതി ആരാഞ്ഞു.
ഇതുസംബന്ധിച്ച് രണ്ടു സംസ്ഥാനങ്ങളിലെയും സെക്രട്ടറിമാരോട് മെയ് 10ന് സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. കാട്ടുതീക്ക് കാരണമായതെന്താണെന്ന് അറിയണമെന്നും കോടതി പറഞ്ഞു. കാട്ടുതീ മൂലം ഉത്തരാഖണ്ഡിലെ 3000ത്തിലധികം ഹെക്ടര്‍ വനമാണ് കത്തിനശിച്ചത്.
Next Story

RELATED STORIES

Share it