കാട്ടില്‍ കാര്യം സാധിക്കുന്നവര്‍

ഗ്രീന്‍ നോട്‌സ് - ജി എ ജി അജയമോഹന്‍

തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്താണ് പെരിങ്ങമ്മല. ഇതില്‍ 16,925 ഹെക്റ്ററും വനഭൂമിയാണ്. 4,550 ഹെക്റ്റര്‍ കൃഷിഭൂമി. 125 ഹെക്റ്ററില്‍ പ്രശസ്തമായ പാലോട് ബൊട്ടാണിക് ഗാര്‍ഡന്‍. കുന്നുകളും താഴ്‌വരകളും വയലുകളും ചതുപ്പുകളും സമതലപ്രദേശങ്ങളുമടങ്ങിയ വൈവിധ്യമാര്‍ന്ന ഭൂപ്രദേശം. സുഖകരമായ കാലാവസ്ഥയും പ്രകൃതിദത്ത ജലസ്രോതസ്സുകളുടെ സാന്നിധ്യവും മൂലം അനുഗൃഹീതമായ ഭൂമി. മൂന്നു നദികള്‍ ഇവിടെ നിന്ന് ഉദ്ഭവിക്കുന്നു. പ്രകൃതിദത്ത നിബിഡവനങ്ങളും 2000ഓളം ഹെക്റ്റര്‍ വനവല്‍കൃത മേഖലകളും ചേര്‍ന്ന വിസ്മയകരമായ ജൈവാന്തരീക്ഷം.
ലോകശ്രദ്ധയാകര്‍ഷിച്ച ദിവ്യൗഷധം ആരോഗ്യപ്പച്ച ഇവിടെയുള്ള ആദിവാസി വിഭാഗമായ കാണിക്കാരുടെ ബൗദ്ധികസ്വത്താണ്. ആമസോണ്‍ മഴക്കാടുകളെ അനുസ്മരിപ്പിക്കുന്ന മിരിസ്റ്റിക്ക ജാതിക്കാടുകള്‍ പെരിങ്ങമ്മലയുടെ ഏറ്റവും വലിയ വിസ്മയങ്ങളിലൊന്നാണ്. വിവിധ ഇനത്തില്‍പ്പെട്ട ജാതിമരങ്ങള്‍ കണ്ടല്‍ക്കാടുപോലെ വളരുന്ന ഈ ചതുപ്പുപ്രദേശം അത്യപൂര്‍വമായ ഒരു ആവാസവ്യവസ്ഥതന്നെയാണ്.
2013ല്‍ പെരിങ്ങമ്മല പഞ്ചായത്ത് രാജ്യശ്രദ്ധയാകര്‍ഷിച്ചത് ഒരു തര്‍ക്കത്തിന്റെ പേരിലായിരുന്നു. ജൈവവൈവിധ്യ സംരക്ഷണശ്രമങ്ങള്‍ക്ക് പുതിയ വെളിച്ചം പകരുന്ന ഒരു തര്‍ക്കം. കാടും പ്രകൃതിയും ആരുടേതാണ്, അത് മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും നിലനില്‍പ്പിനും അതിജീവനത്തിനും ഉപയോഗപ്പെടുത്തേണ്ടതുതന്നെയല്ലേ, ആരാണ് അതിന്റെ യഥാര്‍ഥ അവകാശികള്‍ എന്നൊക്കെയുള്ള ബഷീറിയന്‍ ചോദ്യങ്ങളിലേക്കുള്ള വലിയൊരു തര്‍ക്കം. സുസ്ഥിര വികസനത്തെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളിലേക്കും ജനായത്തമെന്നതിന്റെ പുതിയ അര്‍ഥങ്ങളിലേക്കും വിരല്‍ചൂണ്ടിയാണ് ആ തര്‍ക്കം കെട്ടടങ്ങിയത്.
ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള യുഎന്‍ഡിപിയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവും സംയുക്തമായി ഏര്‍പ്പെടുത്തിയ ജൈവവൈവിധ്യ സംരക്ഷണ അവാര്‍ഡിന്റെ രണ്ടാംസ്ഥാനത്തെത്തുകയുണ്ടായി പെരിങ്ങമ്മല പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന കമ്മിറ്റി.
അവാര്‍ഡിനായി ആഗോളതലത്തില്‍ അപേക്ഷിച്ച 1500 സമിതികളില്‍ പെരിങ്ങമ്മല ഉള്‍പ്പെടെ രണ്ടു സമിതികള്‍ മാത്രമാണ് ഇന്ത്യയില്‍ നിന്ന് അവസാന ഘട്ടത്തിലെത്തിയത്. ജൈവവൈവിധ്യ രജിസ്റ്റര്‍ പരിശോധിക്കാന്‍ യുഎന്‍ഡിപി ഉദ്യോഗസ്ഥരെ അനുവദിച്ചതിനെതിരേ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് രംഗത്തെത്തിയതാണ് അന്നത്തെ പ്രശ്‌നങ്ങള്‍ക്കു തുടക്കം. രജിസ്റ്ററിലെ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന കമ്മിറ്റി ബാധ്യസ്ഥമാണെന്നും വിദേശ പൗരന്‍മാരെയും ഏജന്‍സികളെയും അതു പരിശോധിക്കാന്‍ അനുവദിച്ചത് ജൈവവൈവിധ്യ ചോരണത്തിലേക്കു വഴിതുറന്നേക്കുമെന്നുമാണ് ബോര്‍ഡ് വാദിച്ചത്. ബോര്‍ഡ് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയാണ് അന്ന് പഞ്ചായത്ത് കമ്മിറ്റി തിരിച്ചടിച്ചത്.
പഞ്ചായത്തിലെ ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ഉത്തരവാദിത്തവും അധികാരവും ജനങ്ങളിലാണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു ഈ തര്‍ക്കം.
ഇന്ന് ഈ പഞ്ചായത്തില്‍ മറ്റു ചിലത് അരങ്ങേറുകയാണ്. ജൈവവൈവിധ്യത്തിന്റെ പേരില്‍ ലോകശ്രദ്ധയാകര്‍ഷിച്ച ഈ പഞ്ചായത്തിന് സംസ്ഥാന സര്‍ക്കാര്‍ ഒരു സമ്മാനം നല്‍കിയിരിക്കുകയാണ്. പുരോഗമന സര്‍ക്കാരിന്റെ നാളിതുവരെയുള്ള വികസന കാഴ്ചപ്പാടിലൂടെ നോക്കിയാല്‍ എന്തായിരിക്കുമത് എന്ന് ഊഹിക്കാവുന്നതേയുള്ളൂ- നല്ല ഒന്നാന്തരം ഒരു മാലിന്യപ്ലാന്റ് തന്നെ. തിരുവനന്തപുരം നഗരം പുറന്തള്ളുന്ന മാലിന്യങ്ങള്‍ മൊത്തത്തില്‍ പ്രകൃതിസുന്ദരമായ ഈ താഴ്‌വരയിലേക്കെത്തിച്ച് പ്രദേശത്തെ സുഗന്ധപൂരിതമാക്കുകയാണു പദ്ധതി.
മാലിന്യസുഗന്ധത്തിനൊപ്പം മറ്റൊന്നു കൂടി വിഭാവനം (ഹാ എത്ര സുന്ദരമായ പദം) ചെയ്യുന്നുണ്ട്. ഖരമാലിന്യങ്ങള്‍ സംസ്‌കരിച്ച് വാതകമാക്കി അതുപയോഗിച്ച് വെള്ളം തിളപ്പിച്ച് നീരാവിയിലൂടെ ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുമത്രേ. ഒരു ടണ്‍ മാലിന്യത്തില്‍ നിന്ന് 430 യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവുമത്രേ. കൂടുതല്‍ വൈദ്യുതി വേണമെങ്കില്‍ സംഗതി സിംപിളാണ്- കൂടുതല്‍ മാലിന്യമുണ്ടാക്കുക.
പ്രദേശത്തെ ഉയരം കൂടിയ സ്ഥലത്താണ് പ്ലാന്റ്. മലിനജലം ഒരു പ്രശ്‌നമല്ല- നേരെ ഒഴുകി ചിറ്റാര്‍ നദിയിലും ആയിരക്കണക്കിനു പേര്‍ ജീവിക്കുന്ന, സെറ്റില്‍മെന്റ് കോളനിയിലുമെത്തും. ചിറ്റാറില്‍ നിന്നുള്ള വെള്ളം ആയിരങ്ങള്‍ കുടിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. ചിറ്റാറിലൂടെ നേരെ വാമനപുരം നദിയിലേക്ക്. അവിടെയുള്ളത് 40ഓളം കുടിവെള്ളപദ്ധതികള്‍. വെള്ളം നേരെ തിരുവനന്തപുരം നഗരത്തിലേക്കു തന്നെ.
എല്ലാം സ്വകാര്യ ഏജന്‍സിയെ ഏല്‍പിച്ചിരിക്കുകയാണ്. കണ്ണുമടച്ച് വിശ്വസിക്കാം. കൂടുതല്‍ സംശയാലുക്കള്‍ക്ക് വേണമെങ്കില്‍ പ്രശസ്തമായ മറ്റൊരു മോഡല്‍ അധികം ദൂരത്തല്ലാതെ സ്ഥിതി ചെയ്യുന്നുണ്ട്- വിളപ്പില്‍ശാല. ഔഷധ സസ്യത്തോട്ടമുണ്ടാക്കുമെന്നു പറഞ്ഞാണ് അന്നത്തെ സര്‍ക്കാര്‍ അവിടെ മാലിന്യകേന്ദ്രം സ്ഥാപിച്ചത്.
എങ്ങനെയാണ് ഇത്തരം പദ്ധതികള്‍ സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും തലയില്‍ ഉദിക്കുന്നത്? ഇതേ പഞ്ചായത്തില്‍ തന്നെയാണ് ഡോക്ടര്‍മാരുടെ സംഘടന മാലിന്യപ്ലാന്റ് ഉണ്ടാക്കാന്‍ തിരഞ്ഞെടുത്ത അതീവ പാരിസ്ഥിതിക പ്രദേശവും സ്ഥിതി ചെയ്യുന്നത്. ി
Next Story

RELATED STORIES

Share it