thiruvananthapuram local

കാട്ടാറുകളും കാട്ടരുവികളും വറ്റിവരണ്ടു : വന്യമൃഗങ്ങള്‍ കൂട്ടത്തോടെ ആദിവാസി മേഖലകളിലിറങ്ങുന്നു



കെ മുഹമ്മദ് റാഫി

പാലോട്: വേനല്‍ കനത്തതോടെ കാട്ടാറുകളും കാട്ടരുവികളും വറ്റിവരണ്ടു. ജലസ്‌ത്രോസുകളോടൊപ്പം നീര്‍ച്ചോലകളും കരിഞ്ഞു തുടങ്ങിയതോടെ വന്യമൃഗങ്ങള്‍ക്ക് കാടിനുള്ളില്‍ കുടിക്കാനും ശരീരം തണുപ്പിക്കാനും വെള്ളമില്ലാതായി. കാട്ടാന, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളെല്ലാം നാട്ടിലേക്കിറങ്ങുകയാണിപ്പോള്‍. വനത്തോട് ചേര്‍ന്നു കിടക്കുന്ന ആദിവാസി ഊരുകളിലാണ് ഏറ്റവുമധികം വന്യമൃഗ ഭീഷണി. പെരിങ്ങമ്മല, വിതുര പഞ്ചായത്തുകളിലെ ആദിവാസിമേഖലകളില്‍ കഴിഞ്ഞ ഏതാനും ദിവസമായി നിരന്തരമായി തുടരുന്ന കാട്ടാന, കാട്ടുപോത്ത്, കാട്ടു പന്നി, മ്ലാവ് എന്നിവയുടെ ശല്യത്തെപ്പറ്റി അന്വേഷിച്ച് കാടുകയറിയ ആദിവാസികളാണ് കാട്ടരുവികളും നീര്‍ച്ചോലകളും കരിഞ്ഞുണങ്ങിയ കാഴ്ച്ച കണ്ടത്. കുളത്തുപ്പുഴ റേഞ്ചിലെ അരിപ്പ, കന്നിമാര്‍ചതുപ്പ്, അടിപറമ്പ്. പാലോട് റേഞ്ചിലെ വിട്ടിക്കാവ്, കാട്ടിലക്കുഴി, അഞ്ചുമരുതും മൂട്, കൊമ്പിരാന്‍ കല്ല് തുടങ്ങിയ വനമേഖലകളിലാണ് ജലശ്രോതസുകളില്ലാതെ കാടുകള്‍ കരിഞ്ഞുണങ്ങുന്നത്. കുടിനീര്‍ തേടി ജനവാസ മേഖലയിലേക്കിറങ്ങുന്ന വന്യമൃഗങ്ങള്‍ ലക്ഷങ്ങളുടെ കാര്‍ഷിക വിളകള്‍ നശിപ്പിച്ചാണ് കടന്നുപോകുന്നത്. പെരിങ്ങമ്മല പഞ്ചായത്തിലെ ഇടവം, ഇടിഞ്ഞാര്‍, വിതുര പഞ്ചായത്തിലെ കല്ലാര്‍ എന്നീ വാര്‍ഡുകളില്‍ ഈയിടെയിറങ്ങിയ കാട്ടാനക്കൂട്ടം വാഴ, തെങ്ങ്, കവുങ്ങ്, വെറ്റിലക്കൊടി, റബ്ബര്‍ തുടങ്ങിയ കാര്‍ഷിക വിളകളെല്ലാം നശിപ്പിച്ചിരുന്നു. പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെയാണ് വന്യമൃങ്ങള്‍ ഇറങ്ങുന്നതെന്ന് ആദിവാസികള്‍ പറയുന്നു. ആദിവാസി ഊരുകളിലെ കര്‍ഷകര്‍ വിവിധ ബാങ്കുകളില്‍ നിന്നും വായ്പ എടുത്താണ് കൃഷിയിറക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ കാര്‍ഷികവിള നശിക്കുമ്പോഴും ഇവരുടെ ജീവിതം കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. സ്വാഭാവിക വനം വെട്ടിനശിപ്പിച്ച് സോഷ്യല്‍ ഫോറസ്റ്ററിയുടെ പേരില്‍ പരിസ്ഥിതിക്കിണങ്ങാത്ത അക്കേഷ്യയും മാഞ്ചിയവും നട്ടുപിടിപ്പിച്ചതാണ് വനം കരിഞ്ഞുണങ്ങാന്‍ കാരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. വനത്തിലെ ശേഷിക്കുന്ന കുടിനീരും ഇത്തരം വൃക്ഷങ്ങല്‍ കുടിച്ചു വറ്റിക്കുമെന്നാണ് ആദിവാസികളുടേയും അഭിപ്രായം. പെരിങ്ങമ്മലയിലെ ജില്ലാ കൃഷിത്തോട്ടത്തിലും കഴിഞ്ഞ ഏതാനും നാളുകളായി വന്‍തോതിലുള്ള കൃഷിനാശമാണ് ആനക്കൂട്ടം വരുത്തുന്നത്. ഇവിടെ ഏഴാം ബ്ലോക്കില്‍ കൃഷിചെയ്യാന്‍പോലും കഴിയാത്തസ്ഥിതിയാണ്. മയില്‍, കാട്ടുകുരങ്ങ്, എന്നിവയും ഇവിടെ കൃഷിക്ക് ഭീഷണിയായുണ്ട്. ആദിവാസികളുടെ ജീവനും സ്വത്തിനും ഉറപ്പുനല്‍കുന്നതിനായി വനം വകുപ്പ് ജൈവ വേലികളും കിടങ്ങുകളും നിര്‍മ്മിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നുണ്ടങ്കിലും പെരിങ്ങമ്മല, വിതുര പഞ്ചായത്തുകളിലെ പ്രദേശങ്ങളില്‍ ഈ സൗകര്യങ്ങളൊന്നും തന്നെ ലഭ്യമല്ല.
Next Story

RELATED STORIES

Share it