wayanad local

കാട്ടാന ഭീതിയില്‍ തോല്‍പ്പെട്ടി; രണ്ടാഴ്ചയ്ക്കിടെ അരഡസന്‍ ആക്രമണങ്ങള്‍

മാനന്തവാടി: വന്യജീവിശല്യംകൊണ്ട് പൊറുതിമുട്ടിയ തോല്‍പ്പെട്ടി നിവാസികളുടെ അവസാന പ്രതീക്ഷയായ കുങ്കിയാനയെത്തിയിട്ടും കാട്ടാനശല്യത്തിന് പരിഹാരമില്ല. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കാട്ടാനയുടെ അരഡസന്‍ ആക്രമണങ്ങളാണ് തോല്‍പ്പെട്ടിയിലും പരിസരത്തുമുണ്ടായത്.
ആനയെ കണ്ട് ഭയന്നോടിയ ആദിവാസി യുവാവിന് വീണ് പരിക്കേല്‍ക്കുകയും രണ്ടു വാഹനങ്ങളും രണ്ടു കടകളും ആന തകര്‍ക്കുകയും ചെയ്തു. ജില്ലയില്‍ ഏറ്റവും കുടുതല്‍ ആളുകള്‍ വന്യമൃഗശല്യത്തെ തുടര്‍ന്ന് മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്ത പഞ്ചായത്ത് തോല്‍പ്പെട്ടി ഉള്‍പ്പെടുന്ന തിരുനെല്ലിയാണ്.
കാട്ടാനശല്യം തടയാന്‍ കിടങ്ങുകളും വൈദ്യുതി കമ്പിവേലികളുമെല്ലാം വര്‍ഷങ്ങളായി കോടിക്കണക്കിനു രൂപ ചെലവാക്കി ഇവിടെ സ്ഥാപിക്കാറുണ്ട്. ഫെന്‍സിങുകള്‍ തുടര്‍ പരിചരണമില്ലാത്തതിനാലും കിടങ്ങുകള്‍ മഴക്കാലത്ത് ഇടിഞ്ഞു വീഴുന്നതിനെ തുടര്‍ന്നും നശിക്കുകയാണ്.
തോല്‍പ്പെട്ടിയില്‍ സ്ഥിരം ശല്യക്കാരായ മുന്നു മോഴയാനകള്‍ ഉള്ളതായാണ് വനംവകുപ്പിന്റെ നിരീക്ഷണം. ഈ ആനകളെ റേഡിയോ കോളര്‍ ഘടിപ്പിച്ച് വനത്തിനുള്ളിലെത്തിക്കാന്‍ വനംവകുപ്പ് ശ്രമങ്ങള്‍ നടത്തുകയുണ്ടായി.
ഇതിനായി കര്‍ണാടകയില്‍ നിന്നും ഏതാനും മാസങ്ങള്‍ക്കു മുമ്പ് മുത്തങ്ങയിലെത്തിച്ച പരിശീലനം ലഭിച്ച കുങ്കിയാനകളെ ഉപയോഗപ്പെടുത്താനായിരുന്നു തീരുമാനം.
ഇതുപ്രകാരം മുത്തങ്ങയില്‍ നിന്നു കുങ്കിയാനകളെ തോല്‍പ്പെട്ടിയിലെത്തിക്കുകയും 120ഓളം ജീവനക്കാര്‍ മൂന്നു ദിവസം കാട്ടില്‍ തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് വീണ്ടും കാട്ടാനയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. നാട്ടില്‍ ചക്ക പാകമായതോടെയാണ് കാട്ടാനകള്‍ വനം വിട്ടിറങ്ങുന്നതെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.
തോല്‍പ്പെട്ടി മുതല്‍ നായ്ക്കട്ടി വരെയുള്ള ഭാഗങ്ങളില്‍ പുതുതായി കമ്പിവേലികള്‍ സ്ഥാപിക്കുന്നതിനും നിലവില്‍ കമ്പിവേലിയുള്ളതും എന്നാല്‍, പ്രവര്‍ത്തനക്ഷമമല്ലാത്തതുമായ ഏഴു കിലോമീറ്റര്‍ പുനസ്ഥാപിക്കാനും അടുത്തമാസം പ്രവൃത്തികള്‍ ആരംഭിക്കുമെന്നും വനപാലകര്‍ അറിയിച്ചു.
ഇതിനിടയിലും കാട്ടാനശല്യം രൂക്ഷമായത് തോല്‍പ്പെട്ടിയിലും പരിസരപ്രദേശത്തുള്ളവരെയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it