Idukki local

കാട്ടാന ആക്രമണം തുടരുന്നു ; 20 ഏക്കര്‍ ഭൂമിയിലെ കൃഷി നശിപ്പിച്ചു



രാജാക്കാട്: ചതുരംഗപ്പാറ, നമരി തുടങ്ങിയ മേഖലകളില്‍ കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തില്‍ 20 ഏക്കര്‍ സ്ഥലത്തെ കൃഷികള്‍ നശിപ്പിച്ചു. ചതുരംഗപ്പാറ മേഖലയില്‍ ഒറ്റയാനും നമരി മേഖലയില്‍ കാട്ടാനക്കൂട്ടവുമാണ് നാശം വരുത്തിയത്.കൃഷികള്‍ കൂടാതെ വീടുകള്‍ക്കും നാശനഷ്ടങ്ങള്‍ വരുത്തിയ കാട്ടാന ആക്രമണത്തില്‍ ഉറക്കമില്ലാതെ ഭീതിയിലായിരിക്കുകയാണ് ചതുരംഗപ്പാറ നിവാസികള്‍. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലോടെയാണ് ചതുരംഗപ്പാറ സ്വദേശി നടക്കല്‍ ബെന്നിയുടെ വീട്ട് മുറ്റത്ത് ഒറ്റയാന്‍ എത്തുന്നത്. അടുക്കള വാതില്‍ തകര്‍ത്ത് വീടിന് അകത്തിരുന്ന പച്ചക്കറികള്‍ മുഴുവന്‍ തിന്നു. അടുക്കളയില്‍ പാത്രങ്ങള്‍ വീഴുന്ന ഒച്ചകേട്ട് വീട്ടിലുള്ളവര്‍ എഴുന്നേറ്റ് ലൈറ്റുകള്‍ തെളിച്ചതോടെ ഒറ്റയാന്‍ പിന്‍വാങ്ങി. പാത്തിക്കാലി എന്നറിയപ്പെടുന്ന ഒറ്റയാനാണ് അവിടെയെത്തിയതെന്നും 40 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം ഉണ്ടാവുന്നതെന്നും ബെന്നി പറഞ്ഞു. എറണാകുളം സ്വദേശി കോശിയുടെ മൂന്ന് ഏക്കര്‍ കൃഷി ഭൂമിയിലെ ഏലം വാഴ എന്നിവ നശിപ്പിച്ചു. ഓണ വിപണി ലക്ഷ്യമാക്കി നട്ടിരുന്ന വാഴകള്‍ പൂര്‍ണമായും നശിപ്പിച്ചു. റോബസ്റ്റ ഇനത്തില്‍പ്പെട്ട ആയിരത്തോളം വാഴകളാണ് നശിപ്പിച്ചത്. നമരി മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്ന കാട്ടാന കൂട്ടം 20 ഏക്കര്‍ സ്ഥലത്തെ കൃഷികള്‍ നശിപ്പിച്ചു. കാട്ടാന കൂട്ടം തിരികെ കാടുകളിലേക്ക് മടങ്ങാത്തതിനാല്‍ ചതുരംഗപ്പാറ നിവാസികള്‍ ഉറക്കമിളച്ചും ഭയന്നുമാണ് ഓരോ ദിവസവും കഴിയുന്നത്. വനപാലകര്‍ ആനയെ കാട്ടിലേക്ക് കയറ്റി വിടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
Next Story

RELATED STORIES

Share it