malappuram local

കാട്ടാനശല്യം രൂക്ഷം: 2500 റബര്‍തൈകള്‍ക്ക് നാശം വരുത്തി



കരുവാരകുണ്ട്: കാടിറങ്ങുന്ന കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ തമ്പടിച്ച് റബ്ബറടക്കമുള്ള കാര്‍ഷിക വിളകള്‍ നാശം വരുത്തുന്നു. കുണ്ടോട റോസ് മൗണ്ട് എസ്‌റ്റേറ്റിലെ രണ്ടര വര്‍ഷം പ്രായമായ രണ്ടായിരത്തി അഞ്ഞൂറോളം റബ്ബര്‍തൈകളാണ് രണ്ടു ദിവസം കൊണ്ട് ഇവനാശം  വരുത്തിയത്. കൂട്ടമായെത്തുന്ന കാട്ടാനകളെ കൃഷിയിടങ്ങളില്‍ നിന്ന് പ്രതിരോധിക്കുവാന്‍ കര്‍ഷകരും കര്‍ഷക തൊഴിലാളികളും നന്നേ പ്രയാസപ്പെടുകയാണ്. തിങ്കളാഴ്ച പകല്‍ കുണ്ടോട എസ്‌റ്റേറ്റ് ബംഗ്ലാവിന്റെ മുറ്റത്തെത്തി ഭീതി പരത്തിയ കൊമ്പന്‍ മണിക്കൂറുകള്‍ക്കു ശേഷമാണ് അവിടം വിട്ടു പോയത്. സൈലന്റ് വാലി ബഫര്‍ സോണില്‍ പെട്ട കൂമ്പന്‍ മലവാരത്തു നിന്നുമാണ് കാട്ടാനകള്‍ കൃഷിയിടങ്ങളിലെത്തി കൃഷി നാശം വരുത്തുന്നത്. കഴിഞ്ഞയാഴ്ച കക്കറയിലെ ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനകള്‍ വന്‍ കൃഷി നാശമാണ് വരുത്തിയത്. കാട്ടാന ശല്യം പരിഹരിക്കുന്നതിന് വനാതിര്‍ത്തികളില്‍ സോളാര്‍ വേലിയും കിടങ്ങും നിര്‍മ്മിക്കുന്നതിന് വേണ്ടി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പതിനാറു കോടി രൂപ ബഡ്ജറ്റില്‍ നീക്കിവച്ചങ്കിലും കര്‍ഷകര്‍ക്ക് പ്രയോജനം ലഭിച്ചില്ലന്നും ആക്ഷേപമുണ്ട്. ഏതാനും വര്‍ഷം മുമ്പ് വനം വകുപ്പ് കല്‍കുണ്ട് ഭാഗത്തെ വനാതിര്‍ത്തികളില്‍ നിര്‍മ്മിച്ച സോളാര്‍ വേലി നിര്‍മ്മാണത്തിനു പിന്നാലെ തകര്‍ന്നതായും കര്‍ഷകര്‍ പറയുന്നു. നിലവാരമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു നിര്‍മാണം. ഇതിനു ചിലവഴിക്കുന്ന പണം ഇടനിലക്കാര്‍ തട്ടിയെടുക്കുന്നതായും കര്‍ഷകര്‍ ആരോപിക്കുന്നു. കൃഷി വികസനത്തിന് കര്‍ഷകര്‍ക്ക് വേണ്ടി പഞ്ചായത്തു വഴി സര്‍ക്കാര്‍ അനുവദിക്കുന്ന പണം വഴിതിരിച്ച് ചില വഴിക്കുന്നതായും കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. കുണ്ടോടയിലെ വനാതിര്‍ത്തികളില്‍ കര്‍ഷകരുടെ ചിലവില്‍ നിര്‍മ്മിച്ചിരിക്കുന്ന സോളാര്‍ വേലി തകര്‍ത്താണ് ഇവ കൃഷിയിടങ്ങളില്‍ പ്രവേശിക്കുന്നത്.
Next Story

RELATED STORIES

Share it